മുംബൈ : ബിജെപി നിരന്തരം ഒച്ചപ്പാടുണ്ടാക്കുമെങ്കിലും ഭരണഘടന മാറ്റാൻ വേണ്ടത്ര ധൈര്യമില്ലെന്നും, രാജ്യത്തെ ജനങ്ങള്‍ തന്‍റെ പക്ഷത്താണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണഘടന ഭേദഗതി ചെയ്യുന്നതിന് പാർലമെന്‍റിന്‍റെ ഇരുസഭകളിലും ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമുണ്ടെന്ന് ബിജെപി എംപി അനന്ത് കുമാർ ഹെഗ്‌ഡെ അടുത്തിടെ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ന് ‘ന്യായ് സങ്കൽപ് പദയാത്ര’ക്ക് ശേഷം നടന്ന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മഹാത്മാഗാന്ധിയുടെ മുംബൈയിലെ വസതിയായ മണിഭവനിൽ നിന്ന് ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ച ഓഗസ്‌റ്റ് ക്രാന്തി മൈതാനത്തേക്കാണ് പദയാത്ര നടത്തിയത്.
ഇത്തവണ പോരാട്ടം ബിജെപിയും കോൺഗ്രസും തമ്മിൽ മാത്രമല്ല, രണ്ട് ആശയങ്ങള്‍ തമ്മില്‍ കൂടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'ഒരാളില്‍ എല്ലാ അധികാരവും കേന്ദ്രീകരിച്ചുകൊണ്ട് രാജ്യം തന്നില്‍ കേന്ദ്രീകൃതമായി പ്രവർത്തിക്കണമെന്നാണ് ഒരാള്‍ ചിന്തിക്കുന്നത്. മറുഭാഗത്ത്, അധികാര വികേന്ദ്രീകരണം ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ജനങ്ങളുടെ ശബ്‌ദമാണ് കേൾക്കേണ്ടത്'- രാഹുൽ ഗാന്ധി പറഞ്ഞു.
ഒരു വ്യക്തിക്ക് ഐഐടി ബിരുദമുണ്ടെങ്കിൽ അത് അവരെ ഒരു കർഷകനേക്കാൾ അറിവുള്ളവനാക്കുന്നു എന്നല്ല അര്‍ത്ഥമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാൽ ബിജെപി അങ്ങനെയല്ല പ്രവർത്തിക്കുന്നത്. അറിവ് ഒരാളുടെ പക്കലാണെന്ന കാഴ്‌ചപ്പാടാണ് പ്രധാനമന്ത്രി മോദിക്കും ആർഎസ്എസിനും ഉള്ളത്. കർഷകർക്കും തൊഴിലാളികൾക്കും തൊഴിൽരഹിതരായ യുവാക്കൾക്കും അറിവില്ലെന്ന് അവര്‍ കരുതുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read : പേരാമ്പ്രയിലെ അനുവിന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്; പ്രതി കൊടുംകുറ്റവാളി
ശനിയാഴ്‌ച, സെൻട്രൽ മുംബൈയിലെ ബി ആർ അംബേദ്‌കറിന്‍റെ സ്‌മാരകമായ ചൈത്യഭൂമിയിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച്, ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്ര പൂര്‍ത്തിയാക്കിയത്. ഇന്ന്(17-03-2024) രാവിലെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ന്യായ സങ്കൽപ് പദയാത്ര മണിഭവനിൽ നിന്ന് ആരംഭിച്ചത്. മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് പ്രവര്‍ത്തകരോടൊപ്പം പദയാത്രയിൽ പങ്കെടുത്തു. ഇന്ത്യ മുന്നണിയിലെ ചില അംഗങ്ങളും രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയില്‍ പങ്കെടുത്തിരുന്നു.