ന്യൂഡൽഹി : കോൺഗ്രസ് കര്‍ണാടക ഘടകത്തിനുള്ളിൽ വിഭാഗീയതയുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായും കൂടിക്കാഴ്‌ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ട് നേതാക്കളോടും ഒരുമിച്ച് നിന്ന് പ്രവർത്തിക്കാനും സംസ്ഥാന സർക്കാരിനെ ഏകോപിപ്പിച്ച് നയിക്കാനും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കർണാടകയിൽ ഉദ്ദേശിച്ച ഫലം ഇല്ലാതെ പോയതിന്‍റെ കാരണങ്ങൾ പരിശോധിക്കാനും രാഹുല്‍ ഗാന്ധി നേതാക്കളോട് ആവശ്യപ്പെട്ടു. സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍, പാർട്ടി ജനറൽ സെക്രട്ടറിമാരായ രൺദീപ് സുർജേവാല, കെസി വേണുഗോപാല്‍ എന്നിവര്‍ ഡല്‍ഹിയില്‍ ഖാർഗെയുടെ വസതിയിലാണ് കൂടിക്കാഴ്‌ച നടത്തിയത്. സിദ്ധരാമയ്യയും ഡികെ ശിവകുമാറും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ കൂടിക്കാഴ്‌ചയെപ്പറ്റി വിശദീകരിച്ചു. നിരവധി വിഷയങ്ങൾ ചർച്ച ചെയ്‌തതായി ഇരവരും പറഞ്ഞു.
ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കർണാടകയിലെ 28 സീറ്റില്‍ ഒമ്പത് ഇടത്ത് മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. ബിജെപി 17 സീറ്റുകളും നേടി. ജനതാദൾ(എസ്) പാര്‍ട്ടി രണ്ട് സീറ്റുകളും നേടി. പാർട്ടി നേതൃത്വത്തിന്‍റെ പ്രതീക്ഷയ്‌ക്കും താഴെയായിരുന്നു കര്‍ണാടകയിലെ പ്രകടനം.
2023-ൽ കർണാടകയിൽ മികച്ച വിജയത്തോടെയാണ് കോൺഗ്രസ് അധികാരത്തിലേറിയത്. 224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടിയായിരുന്നു കോണ്‍ഗ്രസിന്‍റെ ജയം. ബിജെപി 66 സീറ്റിൽ ഒതുങ്ങിയപ്പോള്‍ ജെഡിഎസ് 19 സീറ്റുകൾ നേടി.
ദിവസങ്ങൾ നീണ്ട ചര്‍ച്ചക്കൊടുവിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തീരുമാനിക്കുകയും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) തലവൻ കൂടിയായ ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകുകയും ചെയ്‌തു. ഇരു നേതാക്കളും തമ്മില്‍ വിഭാഗീയതയുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇടയ്ക്കിടെ ഉയർന്നുവന്നിരുന്നു.