ഹൈദരാബാദ് ( തെലങ്കാന ) : പശ്ചിമ ബംഗാളില്‍ കാഞ്ചൻജംഗ എക്‌സ്‌പ്രസ് ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 15 പേർ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അപടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ സാധ്യമായ എല്ലാ സഹായവും നൽകാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്‍റെ കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും പ്രത്യക്ഷ ഫലമാണ് ഇന്ത്യയിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ റെയിൽവേ അപകടങ്ങൾ വർധിച്ചത്.
ഇന്ത്യൻ റെയിൽവേയുടെ അനാസ്ഥ ദിവസേന യാത്രക്കാരുടെ ജീവനും സ്വത്തും നഷ്‌ടപ്പെടുന്നതിലേക്ക് നയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ അപകടം ഇതിന്‍റെ മറ്റൊരു ഉദാഹരണമാണ്. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമെന്ന നിലയില്‍ ഈ ഭയാനകമായ വീഴ്‌ചകളെ ഞങ്ങള്‍ ചോദ്യം ചെയ്യും. മോദി സര്‍ക്കാര്‍ ഇതിന് ഉത്തരം പറയേണ്ടതുണ്ട്" അദ്ദേഹം കൂട്ടിചേർത്തു.
പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്‌ഗുരി സ്‌റ്റേഷനു സമീപം സീൽദായിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ന്യൂ ജൽപൈഗുരിയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ രംഗപാണി സ്‌റ്റേഷന് സമീപമാണ് കൂട്ടിയിടി ഉണ്ടായത്. പിന്നിലെ രണ്ട് കമ്പാർട്ടുമെന്‍റുകൾ പാളം തെറ്റി.
അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) 2 ലക്ഷം. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും. രാഷ്ട്രപതി ദ്രൗപതി മുർമു, മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനവും പ്രാർഥനയും അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്‌തു.