ന്യൂഡൽഹി : ബൈശാഖി ദിനത്തിൽ ഡൽഹിയിലെ ഗുരുദ്വാര ശ്രീ രകബ് ഗഞ്ച് സാഹിബിലെത്തി പ്രണാമം അർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി ഗുരുദ്വാരയിൽ എത്തിയതും കീർത്തനവും ഗുർബാനി പാരായണവും കേൾക്കുന്നതുമായ വീഡിയോ കോൺഗ്രസ് പുറത്ത് വിട്ടിരുന്നു.
ഗുരുദ്വാരയിൽ നിന്ന് പുറപ്പെടുമ്പോൾ നിരവധിപേര്‍ രാഹുലിനൊപ്പം സെൽഫിയെടുക്കുകയും ഹസ്‌തദാനം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങളും കാണാം. എല്ലാവരുടെയും ആശംസകളെ കോൺഗ്രസ് നേതാവ് സന്തോഷത്തോടെ സ്വീകരിച്ചു.
പത്താമത്തെ സിഖ് ഗുരു ഗോവിന്ദ് സിങ് ഖൽസ പന്തിന്‍റെ സ്ഥാപക ദിനം അടയാളപ്പെടുത്തുന്ന ബൈശാഖി ആഘോഷിക്കാൻ ശനിയാഴ്‌ച (ഏപ്രില്‍ 14) ധാരാളം ഭക്തർ ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ഗുരുദ്വാരകളിൽ എത്തിയിരുന്നു. ഗുരുദ്വാര ബംഗ്ലാ സാഹിബ്, രകബ്‌ഗഞ്ച് സാഹിബ്, ഡൽഹിയിലെ ഷിഷ്‌ഗഞ്ച് സാഹിബ് എന്നിവ സിഖ് മതത്തിൻ്റെ ഏറ്റവും പുണ്യ തീർഥാടന കേന്ദ്രങ്ങളാണ്.
അതേസമയം, അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ പ്രാർഥിക്കാൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. 325-ാമത് ബൈശാഖി ദിനത്തോടനുബന്ധിച്ച് (ഖൽസ സജ്‌ന) സുവർണ ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാൻ എസ്‌ജിപിസി ഉദ്യോഗസ്ഥരെ വിന്യസിച്ചു. 1699-ൽ ഖൽസ പന്ത് സ്ഥാപിതമായ ആനന്ദപൂർ സാഹിബിലെ പുണ്യനഗരമായ തഖ്‌ത് കെസ്‌ഗഡ് സാഹിബിലും ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടു.
ALSO READ: 'രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല': എംഎം ഹസൻ