പട്‌ന: ബിഹാറില്‍ സാമൂഹ്യ നീതിക്കായുള്ള പോരാട്ടം മഹാസഖ്യം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. മഹാസഖ്യത്തിന് ബിജെപിക്കൊപ്പം ചേര്‍ന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ബിഹാറിലെ പൂര്‍ണിയയില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കും ദലിതര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല. സംസ്ഥാനത്ത് സാമൂഹിക നീതി ഉറപ്പാക്കുകയാണ് കോണ്‍ഗ്രസിന്‍റെയും ഇന്ത്യ മുന്നണിയുടെയും ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ മുന്നണി ജാതി സര്‍വേയ്‌ക്ക് ഒപ്പം നിന്നതാണ് നിതീഷ് കുമാര്‍ ജെഡിയു വിട്ട് മറുകണ്ടം ചാടാന്‍ കാരണം.
ദലിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും അടക്കം പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള നിരവധി പേര് സമൂഹത്തില്‍ ഉണ്ട്. അതില്‍ തന്നെ ഒബിസി വിഭാഗത്തില്‍പ്പെട്ടവരാണ് ഭൂരിഭാഗവും. എന്നാല്‍ ഒബിസി വിഭാഗത്തില്‍പ്പെട്ട എത്രയാളുകള്‍ രാജ്യത്തുണ്ടെന്ന് ചോദിച്ചാല്‍ അതിന് ഉത്തരവുമില്ല. അതിനായാണ് ജാതി സര്‍വേ നടത്തുന്നത്.
സാമൂഹ്യ നീതി നടപ്പാക്കുന്നതിന്‍റെ ആദ്യപടിയാണ് ജാതി സെന്‍സസ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാറില്‍ സാമൂഹ്യ നീതി ഉറപ്പാക്കുകയെന്നത് ഇന്ത്യ മുന്നണിയുടെ ഉത്തരവാദിത്വമാണ്. അതിനായി ഇവിടെ ജാതി സെന്‍സസ് നടത്തേണ്ടതുണ്ട്.
ജാതി സര്‍വേ നടത്തരുതെന്ന ബിജെപി സമ്മര്‍ദമാണ് നിതീഷ് കുമാറിനെ ബിജെപിയില്‍ എത്തിച്ചതെന്നും എന്നാല്‍ ഇവിടെ ജാതി സെന്‍സസ് നടത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ആവശ്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മണിപ്പൂരിൽ കലാപങ്ങള്‍ ഏറെ ഉണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെയും അവിടെ സന്ദര്‍ശിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.