ഭുവനേശ്വർ: ജൂലൈ 14-ന് ആണ് ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം 46 വര്‍ഷത്തിന് ശേഷം തുറന്നത്. നാല് ദശാബ്‌ദത്തിന് ശേഷം തുറന്ന ഈ രത്ന ഭണ്ഡാരത്തിന്‍റെ മൂല്യം എത്രയായിരിക്കും എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്.
ക്ഷേത്രത്തിലെ നിധി സംബന്ധിച്ച വാര്‍ത്തകള്‍ മലയാളികളെ ആദ്യം കൊണ്ടുചെന്നെത്തിക്കുക തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കാണ്. 2011-ല്‍ ആണ് ക്ഷേത്രത്തിന്‍റെ നിലവറകളില്‍ നിന്ന് നിധി കണ്ടെത്തുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറയിലെ അപൂര്‍വ്വ നിധി ശേഖരമാണ് ക്ഷേത്രത്തെ ലോക പ്രശസ്‌തമാക്കിയത്. ഏകദേശം ഒന്നേകാല്‍ ലക്ഷം കോടി രൂപ മൂല്യമുള്ള അമൂല്യ വസ്‌തുക്കളാണ് കണക്കെടുപ്പില്‍ ഇവിടെ നിന്ന് കണ്ടെത്തിയത്.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം
എ നിലവറ, ഇ നിലവറ, എഫ് നിലവറ എന്നിവയിൽ നിന്ന് മാത്രമാണ് ഇത്രയും വിലപിടിപ്പുള്ള അപൂര്‍വ നിധി ശേഖരം കണ്ടെത്തിയത്. 4 അടി (1.2 മീ.) ഉയരവും 3 അടി (0.91 മീ.) വീതിയുമുള്ള, വജ്രങ്ങളും മറ്റ് വിലയേറിയ കല്ലുകളും പതിച്ച മഹാവിഷ്ണുവിന്‍റെ ശുദ്ധ സ്വർണ്ണ വിഗ്രഹം, ദേവ വിഗ്രഹത്തിന് വേണ്ടി 18-അടി (5.5 മീറ്റർ) ഉയരമുള്ള, നൂറുകണക്കിന് വജ്രങ്ങളും വിലയേറിയ കല്ലുകളും പതിച്ച, ശുദ്ധമായ സ്വർണ്ണ സിംഹാസനം, ഏകദേശം 30 കിലോഗ്രാം ഭാരമുള്ള 16 ഭാഗങ്ങളുള്ള സ്വർണ്ണ അങ്കിയുടെ രൂപത്തിൽ ദേവനെ അലങ്കരിക്കാനുള്ള വസ്‌ത്രം, 18-അടി (5.5 മീറ്റർ) നീളമുള്ള ശുദ്ധമായ സ്വർണ്ണ ചെയിന്‍, 500 കിലോഗ്രാം ഭാരമുള്ള ശുദ്ധമായ സ്വർണ്ണ കറ്റ, 36 കിലോഗ്രാം വരുന്ന സ്വർണ്ണ മൂടുപടം, 3.5 കിലോഗ്രാം മുതൽ 10.5 കിലോഗ്രാം വരെ ഭാരമുള്ള വിലയേറിയ കല്ലുകൾ പതിച്ച 1200 ശുദ്ധമായ സ്വർണ്ണ നാണയ-ചെയിനുകൾ, സ്വർണ്ണ കരകൗശല വസ്‌തുക്കൾ, നെക്ലേസുകൾ, രത്നങ്ങൾ, വജ്രങ്ങൾ, മാണിക്യം, നീലക്കല്ലുകൾ, മരതകം, രത്നക്കല്ലുകൾ, മറ്റ് വിലയേറിയ ലോഹങ്ങൾ എന്നിവ നിറച്ച ചാക്കുകൾ, മാണിക്യവും മരതകവും പതിച്ച സ്വർണ്ണച്ചിരട്ടകള്‍, നെപ്പോളിയന്‍റെ കാലഘട്ടത്തിലെ നിരവധി നാണയങ്ങൾ, റോമൻ സാമ്രാജ്യത്തിന്‍റെ ലക്ഷക്കണക്കിന് സ്വർണ്ണ നാണയങ്ങൾ, 800-കിലോഗ്രാം സ്വർണ്ണ നാണയങ്ങളുടെ ശേഖരം, വജ്രങ്ങളും മറ്റ് വിലയേറിയ കല്ലുകളും സ്വർണ്ണ പാത്രങ്ങളും പതിച്ച സ്വർണ്ണ കിരീടങ്ങളും കണ്ടെത്തിയ നിധിയില്‍ ഉള്‍പ്പെടുന്നതാണ്.
ഏതാനും ചില നിലവറകളില്‍ നിന്ന് മാത്രമാണ് ഇത്രയധികം നിധികള്‍ ലഭിച്ചത്. ശേഷിക്കുന്ന ബി നിലവറ കൂടി തുറന്നാല്‍ ഇതിലും പതിന്മടങ്ങ് മൂല്യമുള്ള സമ്പത്ത് ഇവിടെ നിന്ന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
പുരിയിലെ നിധി
പുരിയിലെ രത്‌ന ഭണ്ഡാരം 1962-1964, 1967, 1977, 1978 വർഷങ്ങളിൽ പരിശോധനയ്‌ക്കായി തുറന്നിരുന്നു. രേഖകൾ പ്രകാരം, 12,838 ഭാരീസ് (128.38 കിലോഗ്രാം) വരുന്ന 454 സ്വര്‍ണം കൊണ്ടുള്ള വസ്‌തുക്കളും 22,153 ഭാരീസ് (221.53 കിലോഗ്രാം) ഭാരം വരുന്ന 293 വെള്ളി വസ്‌തുക്കളുമുണ്ട്. ഒരു ഭാരി എന്നാല്‍ 11.66 ഗ്രാമിന് തുല്യമാണ്. 1978ല്‍ ആണ് അവസാനമായി ഇൻവെന്‍ററി നടത്തിയത്. 2018-ൽ, 17 അംഗ സംഘം ബഹാര (ഔട്ടർ ചേംബർ) രത്‌ന ഭണ്ഡാരത്തിൽ പ്രവേശിച്ചിരുന്നു. എന്നാൽ താക്കോൽ ഇല്ലാത്തതിനാൽ ഭിതാര (അകത്തെ അറ) രത്‌ന ഭണ്ഡാരത്തിനുള്ളിൽ കയറാൻ കഴിഞ്ഞില്ല.
സംഭാവനകൾ
ജഗന്നാഥ ക്ഷേത്രത്തിലെ ജഗമോഹന്‍റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഭണ്ഡാരം ലോകമെമ്പാടുമുള്ള ഭക്തരുടെ സംഭാവനകളാലും നേര്‍ച്ചകളാലും സമ്പന്നമാണ്. കേശാരി, ഗംഗ രാജവംശങ്ങളിലെ രാജാക്കന്മാർ, സൂര്യവംശി, ഭോയ് രാജവംശങ്ങളിലെ രാജാക്കന്മാർ, നേപ്പാളിലെ ഭരണാധികാരികൾ പോലും സ്വർണ്ണം, വെള്ളി, വജ്രം, മറ്റ് വിലയേറിയ രത്നങ്ങൾ, ശലഗ്രാമങ്ങൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്‌തുക്കളാണ് ജഗന്നാഥന് ദാനം ചെയ്‌തിരുന്നത്.
ഭഗവാൻമാർക്ക് സ്വർണ്ണാഭരണങ്ങൾ തയ്യാറാക്കുന്നതിനായി അനംഗഭീമ ദേവ് 2,50,000 'മദാസ്' സ്വർണ്ണം (1 മദ=1/2 തോല=5.8319 ഗ്രാം) സംഭാവന ചെയ്‌തതായി ജഗന്നാഥ ക്ഷേത്രത്തിന്‍റെ ചരിത്ര രേഖയായ മദാല പഞ്ചിയില്‍ പറയുന്നുണ്ട്. സൂര്യവംശി ഭരണാധികാരികൾ ജഗന്നാഥന് വിലപിടിപ്പുള്ള ആഭരണങ്ങളും സ്വർണ്ണവും സമർപ്പിച്ചതായും രേഖകളില്‍ പറയുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടിലെ ദിഗ്വിജയ് ദ്വാറിലെ ഒരു ലിഖിതത്തിൽ, ഗജപതി രാജാവ് കപിലേന്ദ്ര ദേവ് 1466-ൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കീഴടക്കിയ ശേഷം തനിക്കൊപ്പം കൊണ്ടുവന്ന മുഴുവന്‍ ആഭരണങ്ങളും 16 ആനകളുടെ പുറത്ത് ജഗന്നാഥന് സംഭാവന ചെയ്‌തതായി പരാമർശിക്കുന്നുണ്ട്.
അദ്ദേഹത്തിന്‍റെ ഭരണകാലത്താണ് സുനാബേഷ അഥവാ സഹോദര ദേവന്മാരുടെ സ്വർണ്ണ വസ്‌ത്രം തുടങ്ങിയത് എന്നാണ് ഐതിഹ്യം. ഈ ആഭരണങ്ങളിൽ പലതും 1893-ലും ഉപയോഗത്തിലുണ്ടായിരുന്നുവെന്ന് പ്രമുഖ ചരിത്രകാരനായ ആർ ഡി ബാനർജി തന്‍റെ 'ഹിസ്റ്ററി ഓഫ് ഒറീസ്സ' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
1983 ഓഗസ്റ്റ് 23 ന് നട മണ്ഡപത്തിൽ ഒരു കാണിക്ക വഞ്ചി സ്ഥാപിച്ചിരുന്നു. ഭക്തർ സ്വർണ്ണവും ആഭരണങ്ങളും പണവും ഇതില്‍ നിക്ഷേപിക്കാറുണ്ട്. 2009 ഒക്‌ടോബറില്‍ കാണിക്കവഞ്ചിയില്‍ നിന്ന് 980.990 ഗ്രാം സ്വർണ്ണവും 50217.832 ഗ്രാം വെള്ളിയും ശേഖരിച്ചതായി ശ്രീ ജഗന്നാഥ ക്ഷേത്ര ഭരണം (എസ്‌ടിജെഎ) പ്രസിദ്ധീകരിച്ച പ്രസ്‌താവനയിൽ പറയുന്നു. ഒഡീഷയുടെ കണക്കെടുപ്പ് പ്രകാരം പ്രകാരം 'സഹൻ മേള' ദർശനത്തിലും 'പരിമാണിക്' ദർശനത്തിലും രത്‌ന സിംഹാസനിൽ സ്ഥാപിച്ചിരിക്കുന്ന 'ഝരിസ് പിണ്ഡിക'യിലും ഭക്തർ സ്വർണ്ണവും വെള്ളിയും ആഭരണങ്ങളും മറ്റും നിക്ഷേപിക്കാറുണ്ട്.
രത്‌ന ഭണ്ഡാരത്തിലെ ആഭരണങ്ങൾ
രത്‌ന ഭണ്ഡാരത്തിന് രണ്ട് അറകളുണ്ട് - 'ഭിതര ഭണ്ഡാർ', 'ബഹാര ഭണ്ഡാർ'. ഭിതാര ഭണ്ഡറിലേക്ക് പ്രവേശിക്കാൻ ബഹാര ഭണ്ഡാർ വഴി പോകണം. രത്‌നഭണ്ഡാറിന്‍റെ ആദ്യത്തെ വിശദമായ ഔദ്യോഗിക വിവരണം, അന്നത്തെ പുരി കളക്‌ടർ ചാൾസ് ഗ്രോം തയ്യാറാക്കി 1805 ജൂൺ 10-ന് പ്രസിദ്ധീകരിച്ചു. അതിൽ ഏകദേശം 64 സ്വർണ്ണ-വെള്ളി ആഭരണങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. രത്നങ്ങളും ശുദ്ധമായ സ്വർണ്ണവും വെള്ളിയും കൂടാതെ 128 സ്വർണ്ണ നാണയങ്ങൾ, 24 വ്യത്യസ്‌ത തരം സ്വർണ്ണ 'മോഹർ', 1,297 വെള്ളി നാണയങ്ങൾ, 106 ചെമ്പ് നാണയങ്ങൾ, 1,333 തരം വസ്‌ത്രങ്ങൾ എന്നിവയും അതില്‍ ഉള്ളതായി പറയുന്നു.
തുടർന്ന് 1926-ൽ ഗജപതി മുകുന്ദ് ദേവിന്‍റെ ദത്തുപുത്രനായ ലാൽമോഹൻ ദേവ് തിരിച്ചറിഞ്ഞ ആഭരണങ്ങളുടെ ഒരു ലിസ്റ്റ് അന്നത്തെ പുരി കളക്‌ടർ ദയാനിധി ദാസിന്‍റെ ഒപ്പോടെ പുരി കളക്‌ടറേറ്റിലെ റെക്കോർഡ് റൂമിൽ സൂക്ഷിച്ചിട്ടുണ്ട്.
പുരി ജഗന്നാഥ ക്ഷേത്ര നിയമം, 1952 പ്രകാരം തയ്യാറാക്കിയ അവകാശ രേഖയിൽ, ബഹറ ഭണ്ഡാറിലെ 150 സ്വർണ്ണാഭരണങ്ങളും 180 തരം ആഭരണങ്ങളും (ചിലത് 100 തോലിലധികം ഭാരമുള്ളവ; ഓരോ തോലയും 11.6638 ഗ്രാമിന് തുല്യമാണ്) ഭിതാര ഭണ്ഡാരത്തിലെ 146 ഇനങ്ങളും ഉണ്ടെന്ന് പറയുന്നു.
ബഹാര ഭണ്ഡാർ: 7.11 കിലോഗ്രാം തൂക്കമുള്ള ഭഗവാൻ ജഗന്നാഥന്‍റെയും 3.2 കിലോഗ്രാം ഭാരമുള്ള ബലഭദ്രന്‍റെയും 5 കിലോഗ്രാം തൂക്കമുള്ള ദേവി സുഭദ്രയുടെയും ശിരോവസ്‌ത്രം ഉൾപ്പെടെ 150 സ്വർണാഭരണങ്ങൾ; 1.3 കിലോ വീതമുള്ള മൂന്ന് സ്വർണ്ണ മാലകൾ (ഹനിദകാന്തി മാലി); യഥാക്രമം 9.5, 8.2 കിലോഗ്രാം ഭാരമുള്ള ജഗന്നാഥന്‍റെയും ബലഭദ്രന്‍റെയും സുന ശ്രീ ഭുജ (കൈകൾ), ശ്രീ പയർ (കാൽ) എന്നിവയും വിലയേറിയ രത്നക്കല്ലുകളാൽ അലങ്കരിച്ചിരിക്കുന്ന മറ്റ് വിവിധ സ്വർണ്ണാഭരണങ്ങളും ഇവിടെയുണ്ട്.
ഭിതര ഭണ്ഡാർ: 180 ആഭരണങ്ങൾ, 74 ഇനം ശുദ്ധമായ സ്വർണ്ണാഭരണങ്ങൾ, അവയിൽ ചിലത് 1.1 കിലോയിൽ കൂടുതൽ ഭാരമുള്ളവ, സ്വർണ്ണ തകിടുകൾ, മുത്തുകൾ, വജ്രങ്ങൾ, പവിഴങ്ങൾ, 5.8 കിലോയിൽ കൂടുതൽ ഭാരമുള്ള 146 വെള്ളി കൊണ്ടുള്ള വസ്‌തുക്കള്‍ എന്നിവയാണ് ഇവിടെയുള്ളത്.
1978- ലെ ഇൻവെന്‍ററി പ്രകാരം, ഭിതര ഭണ്ഡാരത്തിന് 4,364 ഭാരി ഭാരമുള്ള 367 സ്വർണ്ണ വസ്‌തുക്കളും 14,878 ഭാരികളുള്ള 231 വെള്ളി വസ്‌തുക്കളും ഉണ്ട്. ബഹാറ ഭണ്ഡാറിൽ, 8,175 ഭാരികളുടെ 79 സ്വർണ്ണ വസ്‌തുക്കളും 4,671 ഭാരികളുടെ 39 വെള്ളി വസ്‌തുക്കളും ഉണ്ട്. ഉത്സവ കാലത്തോ പ്രത്യേക പൂജ ദിവസങ്ങളിലോ ആണഅവ പുറത്തെടുക്കുന്നത്. കൂടാതെ ദൈനംദിന ഉപയോഗത്തിനായി 299 ഭാരികളുടെ 8 സ്വർണ്ണ ഇനങ്ങളും 2,693 ഭാരികളുടെ 23 വെള്ളി ഇനങ്ങളും ഉണ്ട്.
ആര്‍ക്കാണ് ഇതിന്‍റെയൊക്കെ ചുമതല?
1960 ഒക്‌ടോബർ 27-ന് നിലവിൽ വന്ന ശ്രീ ജഗന്നാഥ ക്ഷേത്ര ഭരണനിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് രത്‌നഭണ്ഡാരത്തിന്‍റെ കസ്റ്റഡി ശ്രീ ജഗന്നാഥ ക്ഷേത്ര മാനേജിങ് കമ്മിറ്റിക്കാണ്. സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക ഉത്തരവുകളില്ലാതെയും വ്യവസ്ഥകൾ പൂർണമായി പാലിക്കാതെയും രത്ന ഭണ്ഡാരത്തിന്‍റെ ആഭരണങ്ങളൊന്നും പരിധിക്കപ്പുറം നീക്കം ചെയ്യരുതെന്ന് ചട്ടം 5 നിർദ്ദേശിക്കുന്നു.
രത്ന ഭണ്ഡാരത്തിനുള്ളിലെ ആഭരണങ്ങൾ ഓരോ ആറു മാസത്തിലും ഓഡിറ്റ് ചെയ്യണമെന്ന് 1960-ലെ ശ്രീ ജഗന്നാഥ ക്ഷേത്ര ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. ആഭരണങ്ങൾക്ക് ആരുടെ ഉത്തരവാദിത്വത്തിലാണ്, ഓഡിറ്റ് എങ്ങനെ നടത്തണം, ആരാണ് താക്കോല്‍ കൈവശം വെക്കേണ്ടത് എന്നിവ ഈ നിയമങ്ങൾ വ്യക്തമാക്കുന്നു.