പഞ്ചാബ്: രാജ്‌പുരയിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നത് സെൽഫോണില്‍ വീഡിയോ പകർത്തി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആം ആദ്‌മി പാർട്ടി എംഎൽഎ നീന മിത്തലിന് നോട്ടീസ്. രാജ്‌പുര നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ തൻ്റെ എക്‌സ് അക്കൗണ്ടിൽ വീഡിയോ ഷെയർ ചെയ്‌തിരുന്നു. പിന്നീട് അവര്‍ പോസ്‌റ്റ് ഡിലീറ്റ് ചെയ്‌തു.
പോളിങ് ബൂത്തിനകത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അനുവദനീയമല്ലെന്ന് റിട്ടേണിംഗ് ഓഫീസർ ഷൗക്കത്ത് അഹമ്മദ് പരേ പറഞ്ഞു. മിത്തലിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്‌പി) ഫിറോസ്‌പൂർ ലോക്‌സഭ സ്ഥാനാർത്ഥി സുരീന്ദർ കംബോജും വോട്ട് രേഖപ്പെടുത്തുന്നത് ചിത്രീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇതിനെതിരെ അന്വേഷണം ആരംഭിച്ചതെന്ന് ഫിറോസ്‌പൂർ റിട്ടേണിംഗ് ഓഫീസർ രാജേഷ് ധിമാൻ പറഞ്ഞു. ഐപിസി സെക്ഷൻ 171 പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിലെ 126, 132 വകുപ്പുകൾ പ്രകാരവും ഗുരു ഹർ സഹായ് പൊലീസ് സ്‌റ്റേഷനിൽ സുരീന്ദർ കംബോജിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
സ്ഥാനാർത്ഥിയുടെ മകൻ ജഗ്‌ദീപ് സിംഗ് ഗോൾഡി കംബോജ് ജലാലാബാദിൽ നിന്നുള്ള എഎപി നിയമസഭാംഗമാണ്. അതേസമയം, സംഗ്രൂരിലെ പോളിംഗ് ബൂത്തിൽ വിവിപിഎടി യന്ത്രം തകരാറിലായതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന് വോട്ട് ചെയ്യാൻ അൽപ്പനേരം കാത്തിരിക്കേണ്ടി വന്നു. വിവിപിഎടി ( വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ ) യന്ത്രം ഉടൻ മാറ്റിസ്ഥാപിച്ചതായി റിട്ടേണിങ് ഓഫീസർ ജിതേന്ദ്ര ജോർവാൾ പറഞ്ഞു.
പഞ്ചാബിലെ ജനങ്ങളോട് വോട്ടുചെയ്യാനും അവർക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുന്ന നല്ല പ്രതിനിധികളെ തെരഞ്ഞെടുക്കാനും മാൻ അഭ്യർത്ഥിച്ചു. "പഞ്ചാബിലെ ജനങ്ങൾ ബോധവാന്മാരാണ്, അവർ എല്ലാവരും വോട്ട് ചെയ്യുന്നു. നമ്മുടെ വോട്ടവകാശം വിനിയോഗിക്കണം.
പഞ്ചാബികളോട് അവരുടെ വീടിന് പുറത്ത് വന്ന് വോട്ട് ചെയ്യാനും നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുന്ന നല്ല പ്രതിനിധികളെ തിരഞ്ഞെടുക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു. ഇന്ന് ഞാൻ എൻ്റെ ഭാര്യയ്‌ക്കൊപ്പം വോട്ട് ചെയ്‌തു. പോളിംഗ് ബൂത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു, ഉദ്യോഗസ്ഥർ അത് ശരിയാക്കി"- പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.
ആദ്ദേഹത്തിന്‍റെ ഭാര്യ ഡോ.ഗുർപ്രീത് കൗറും സംസ്ഥാനത്തെ സ്ത്രീകളോട് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചു. “എല്ലാ സ്ത്രീകളും വോട്ട് ചെയ്യണമെന്ന് ഞാന്‍ അഭ്യർത്ഥിക്കുന്നു. നമുക്കായി പ്രവർത്തിക്കാൻ കഴിയുന്ന ഒരു നല്ല സർക്കാരിനെ തെരഞ്ഞെടുക്കുന്നതില്‍ നമ്മളും പങ്കാളികളാകണം ” അവർ പറഞ്ഞു.
കോൺഗ്രസിൻ്റെ സുഖ്‌പാൽ സിംഗ് ഖൈറ, ബി.ജെ.പിയുടെ അരവിന്ദ് ഖന്ന, എ.എ.പിയുടെ ഗുർമീത് സിംഗ് മീത് ഹയർ, ശിരോമണി അകാലിദളിൻ്റെ ഇക്ബാൽ സിംഗ് ജുന്ദൻ, ശിരോമണി അകാലിദൾ (അമൃത്‌സര്‍) സ്ഥാനാർത്ഥി സിമ്രൻജിത് സിംഗ് മാൻ എന്നിവർ തമ്മിലാണ് സംഗ്രൂർ മണ്ഡലത്തിൽ മത്സരം. ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിൽ പഞ്ചാബിലെ 13 സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.
ALSO READ: കന്യാകുമാരിയിലെ ധ്യാനം അവസാനിപ്പിച്ചു; പ്രധാനമന്ത്രി ഇനി വാരണാസിയിലേക്ക്