ചണ്ഡീഗഡ്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടിക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താനാകാത്ത സാഹചര്യത്തില്‍ ഓരോ മണ്ഡലങ്ങളിലും യോഗം നടത്താനൊരുങ്ങി പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ. ഓരോ നിയോജക മണ്ഡലത്തിലെയും പ്രവർത്തകരുടെ അടുത്ത് പോയി തോൽവിയുടെ കാരണങ്ങളെക്കുറിച്ച് സംസാരിക്കാനാണ് തീരുമാനം.
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 117 സീറ്റിൽ 92 സീറ്റ് നേടി പുതിയ റെക്കോർഡ് ആം ആദ്‌മി പാർട്ടി സൃഷ്‌ടിച്ചിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയും എല്ലാ എഎപി നേതാക്കളും സംസ്ഥാനത്തെ 13 ലോക്‌സഭ സീറ്റുകളിൽ 13 ലും വിജയിക്കുമെന്ന് നേരത്തെതന്നെ പ്രതീക്ഷിച്ചിരുന്നു.
എന്നാൽ 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിൽ പഞ്ചാബിലെ ജനങ്ങൾ തെരഞ്ഞെടുത്തത് കോൺഗ്രസ് പാർട്ടിയെയായിരുന്നു. പഞ്ചാബിലെ ലോക്‌സഭ സീറ്റുകളിലേക്ക് ഏഴ് കോൺഗ്രസ് സ്ഥാനാർഥികളാണ് മത്സരിച്ചത്. ആം ആദ്‌മി പാർട്ടി രണ്ടാം സ്ഥാനത്തായിരുന്നെങ്കിലും മൂന്ന് സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. ഇതിന് പുറമെ രണ്ട് സ്വതന്ത്ര സ്ഥാനാർഥികൾ വിജയിച്ചെങ്കിലും ബിജെപിക്ക് സീറ്റൊന്നും ലഭിച്ചില്ല.
പഞ്ചാബിലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ വോട്ട് ശതമാനം 26.76 ആയി ഉയർന്നപ്പോൾ ആം ആദ്‌മി പാർട്ടിയുടെ വോട്ട് ശതമാനം ഏതാണ്ട് രണ്ടാം സ്ഥാനത്തായിരുന്നു. ബിജെപിക്ക് പഞ്ചാബിൽ സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് ശതമാനം വർധിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 9.63% വോട്ടും 2022 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 6.60% വോട്ടും ബിജെപി നേടിയെങ്കിലും ഇതുമായി താരതമ്യം ചെയ്യുമ്പോൾ 2024ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ 18.56% വോട്ട് വിഹിതം മെച്ചപ്പെടുത്തി. 2027 ലെ നിയമസഭ തെരഞ്ഞെടുപ്പിന് പാർട്ടി ശക്തിയായി ഉയർന്നുവരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
Also Read: 'ബിആര്‍എസ് വോട്ടുമറിച്ചു' ; കെസിആറിൻ്റെ കുടുംബം ബിജെപിക്ക് ആത്മാഭിമാനം പണയംവച്ചെന്ന് രേവന്ദ് റെഡ്ഡി