പൂനെ (മഹാരാഷ്ട്ര) : പൂനെ കാർ അപകട കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയുടെ അമ്മയും അറസ്റ്റിൽ. ശനിയാഴ്‌ചയാണ് ഇവരെ അറസ്റ്റ് ചെയ്‌തതെന്ന് പൂനെ പൊലീസ് കമ്മിഷണർ അമിതേഷ് കുമാർ സ്ഥിരീകരിച്ചു. പ്രതിയുടെ മുത്തച്‌ഛൻ സുരേന്ദ്രകുമാർ അഗർവാളിനും പിതാവ് വിശാൽ അഗർവാളിനുമെതിരെ നേരത്തെ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.
മെയ് 19 ന് രാത്രിയാണ് കേസിനാസ്‌പദമായ അപകടം നടന്നത്. മദ്യപിച്ച 17കാരന്‍ അമിത വേഗതയില്‍ ഓടിച്ച പോര്‍ഷെ കാര്‍ ഇടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് ഐടി പ്രൊഫഷണലുകളാണ് കൊല്ലപ്പെട്ടത്. കുറ്റം ഏറ്റെടുക്കാന്‍ പ്രതിയുടെ മുത്തച്‌ഛന്‍ ഭീഷണിപ്പെടുത്തിയതായി ഡ്രൈവര്‍ പരാതി നൽകിയിരുന്നു. പിന്നാലെയാണ് സുരേന്ദ്രകുമാർ അഗർവാളിനും വിശാൽ അഗർവാളിനുമെതിരെ കേസെടുത്തത്.
അതിനിടെ പൂനെ പൊലീസ് കമ്മിഷണർ അമിതേഷ് കുമാറിനെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അരുൺ ഭാട്ടിയ മഹാരാഷ്‌ട്ര മനുഷ്യാവകാശ കമ്മിഷൻ (എംഎച്ച്ആർസി) ചെയർമാന് കത്തയച്ചു. കമ്മിഷണറുടെ അന്വേഷണം നീതിയുക്തമാവുമോ എന്ന് സംശയിക്കുന്നതായാണ് അരുൺ ഭാട്ടിയ കത്തിൽ പറയുന്നത്.
പൊലീസ് കമ്മിഷണർ അമിതേഷ് കുമാർ നഗരത്തിലെ പൊലീസ് സേനയെ പ്രതിനിധീകരിക്കുന്നതിനാൽ അദ്ദേഹത്തിൻ്റെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഭാട്ടിയ മനുഷ്യാവകാശ സംഘടനയോട് അഭ്യർഥിച്ചു. ഒരു രാഷ്‌ട്രീയക്കാരൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഡോക്‌ടറെ ചീഫ് മെഡിക്കൽ ഓഫിസറായി നിയമിച്ചത് അന്വേഷിക്കണമെന്നും ആരോഗ്യ സെക്രട്ടറിയെ ശിക്ഷിക്കണമെന്നും ഭാട്ടിയ കത്തിൽ പറയുന്നു.
അന്വേഷണ പ്രക്രിയയിലെ കാലതാമസത്തിൻ്റെയും വീഴ്‌ചയുടെയും കാരണങ്ങളെക്കുറിച്ചും ഭാട്ടിയ പൊലീസിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഉടനടി നേടിയെടുത്ത് പൊതുസഞ്ചയത്തിലേക്ക് കൊണ്ടുവരണമെന്നും ഇപ്പോഴത്തെ പൊലീസ് കമ്മിഷണറെ ആശ്രയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് കമ്മിഷണർ കുറ്റകൃത്യത്തെ മറക്കാനും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുമാണ് ശ്രമിക്കുന്നതെന്നും വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ആരോപിച്ചു. റിമാൻഡ് ഹോമിൽ ആക്കുന്നതിന് പകരം പതിനേഴുകാരനായ പ്രതിയെ കോടതി ജാമ്യത്തിൽ വിട്ടയച്ചു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സുരേന്ദ്രകുമാർ അഗർവാളിനെയും വിശാൽ അഗർവാളിനെയും വെള്ളിയാഴ്‌ച കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ പിതാവ് സുരേന്ദ്രകുമാർ അഗർവാളിനായി പൂനെ ജില്ല കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ALSO READ: പൂനെ വാഹനാപകടം; പ്രതിയുടെ മുത്തച്‌ഛനും പിതാവും പൊലീസ് കസ്‌റ്റഡിയിൽ തുടരും