ന്യൂഡല്‍ഹി: നീറ്റ് - നെറ്റ് പരീക്ഷ നടത്തിപ്പുകളില്‍ വിവാദം കൊഴുക്കുന്ന പശ്ചാത്തലത്തില്‍ ക്രമക്കേടുകള്‍ തടയാൻ കര്‍ശന നടപടിയുമായി കേന്ദ്രം. ചോദ്യപേപ്പർ ചോർച്ച തടയുന്നത് സംബന്ധിച്ചതില്‍ ഉള്‍പ്പടെ നിയമം കര്‍ശനമാക്കി വിജ്ഞാപനം പുറത്തിറക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ പാസാക്കിയ പബ്ലിക് എക്‌സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്‌ട് 2024ന്‍റെ വ്യവസ്ഥകളാണ് ഔദ്യോഗിക ഗസറ്റിലൂടെ വിജ്ഞാപനം ചെയ്‌തിരിക്കുന്നത്.
പൊതുപരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ത്തുന്നവര്‍ക്ക് കടുത്ത ശിക്ഷകള്‍ നേരിടേണ്ടി വരുമെന്നാണ് പുതിയ നിയമം പറയുന്നത്. സംഘടിതമായി നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് 10 വര്‍ഷം വരെ തടവും ഒരു കോടി രൂപ പിഴയും ലഭിക്കും. അഞ്ച് വര്‍ഷം തടവാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ കുറഞ്ഞ ശിക്ഷ. ഉത്തരക്കടലാസുകളില്‍ കൃത്രിമത്വം കാണിച്ചാല്‍ മൂന്ന് വര്‍ഷം തടവ് ലഭിക്കും. ഇത് അഞ്ച് വര്‍ഷം വരെ ദീര്‍ഘിപ്പിച്ച് 10 ലക്ഷം രൂപ പിഴ ചുമത്താനും ചെയ്യാനാകും.
ലോക്‌സഭയില്‍ കഴിഞ്ഞ ഫെബ്രുവരി അഞ്ചിനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. അടുത്ത ദിവസം തന്നെ ഇത് പാസാക്കുകയും ചെയ്‌തു. ഫെബ്രുവരി 9ന് രാജ്യസഭയിലും ബില്‍ അവതരിപ്പിച്ചു. പാര്‍ലമെന്‍റിലെ ഇരുസഭകളും പാസാക്കിയ ബില്‍ ഫെബ്രുവരി 12ന് തന്നെ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ഒപ്പ് വയ്‌ക്കുകയും ചെയ്‌തിരുന്നു.