ടെല്‍ അവിവ് : വെടിനിര്‍ത്തല്‍, ബന്ദികളുടെ മോചനം എന്നിവ സംബന്ധിച്ച് ഹമാസുമായുള്ള കരാര്‍ അംഗീകരിച്ച് ഇസ്രയേല്‍ സര്‍ക്കാര്‍. 24-8 വോട്ടുകള്‍ക്കാണ് കരാറിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. പ്രാദേശിക സമയം ശനിയാഴ്‌ച പുലര്‍ച്ചെയാണ് കരാര്‍ അംഗീകരിച്ചതായി ഇസ്രയേല്‍ വ്യക്തമാക്കിയത്. പ്രസ്‌തുത കരാര്‍ നാളെ (ജനുവരി 19) പ്രാബല്യത്തില്‍ വരും.
ജനുവരി 15ന് ഖത്തര്‍, ഈജിപ്‌ത്, അമേരിക്ക എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്‌താവനയിലൂടെ ഇസ്രയേല്‍-ഹമാസ് കരാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ബന്ദികളെ മോചിപ്പിക്കുന്നതിനൊപ്പം ജനവാസ മേഖലകളില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുക, സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയും കരാറില്‍ പറയുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബന്ദികളാക്കപ്പെട്ടവര്‍ക്കും കാണാതായവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇസ്രയേലി സര്‍ക്കാരിന്‍റെ പ്രത്യേക യൂണിറ്റ്, 33 ഇസ്രയേലി ബന്ദികളെ കരാറിന്‍റെ ആദ്യ ഘട്ടത്തില്‍ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വെള്ളിയാഴ്‌ച കുടുംബങ്ങളെ അറിയിച്ചു. ബന്ദികളില്‍ എത്രപേര്‍ ജീവനോടെ ഉണ്ടെന്ന കാര്യത്തില്‍ ഇസ്രയേലിന് വ്യക്തത ഇല്ലെങ്കിലും ഭൂരിഭാഗം പേരും ജീവിച്ചിരിപ്പുണ്ടെന്ന് തന്നെയാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് ഏഴ് ദിവസം കഴിഞ്ഞാല്‍ മാത്രമേ ബന്ദികളുടെ കണക്കും നിലവിലെ സ്ഥിതിയും ഇസ്രയേലിന് കൃത്യമായി അറിയാന്‍ സാധിക്കുകയുള്ളൂ.
മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ വിവരങ്ങളും ഇതുവരെ ഇസ്രയേലിന് ലഭ്യമായിട്ടില്ല. മോചിപ്പിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് മാത്രമേ മോചിപ്പിക്കപ്പെടാന്‍ പോകുന്ന ബന്ദികളുടെ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂ എന്നാണ് വിവരം. ആദ്യഘട്ടത്തില്‍ മോചിതരാകുന്ന 33 ബന്ദികള്‍ കൂടാതെ 65ലധികം പേര്‍ ഗാസയില്‍ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഇതില്‍ 36 പേരുടെ മൃതദേഹങ്ങളും വിട്ടുകിട്ടാന്‍ ഉണ്ട്.
Also Read: ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ; ട്രംപിനും ബൈഡനും നന്ദി പറഞ്ഞ് നെതന്യാഹു