ലേ (ലഡാക്ക്) : ജമ്മു കശ്‌മീരില്‍ നിന്ന് വിഭജിക്കപ്പെട്ടതിന് ശേഷം സംസ്ഥാന പദവി ഉള്‍പ്പെടെയുള്ള ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്നാരോപിച്ച് ലഡാക്കില്‍ വന്‍ പ്രതിഷേധം (Protest in Ladakh Demanding Statehood and Other Constitutional Safeguards). ആയിരക്കണക്കിന് ലഡാക്കി ജനങ്ങളാണ് കൊടും തണുപ്പിനെ അവഗണിച്ച് പ്രതിഷേധ മാര്‍ച്ചില്‍ അണിനിരന്നത്. സാമൂഹിക രാഷ്‌ട്രീയ സംഘടനകളായ അപെക്‌സ് ബോഡി ലേ (Apex Body Leh), കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് (Kargil Democratic Alliance) എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന 'ലേ ചലോ' (Leh Chalo protest) പരിപാടിയുടെ ഭാഗമായാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
2019 ഓഗസ്റ്റിലാണ് ആര്‍ട്ടിക്കിള്‍ 370 (ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍) റദ്ദാക്കിത് (what is Article 370). പിന്നാലെ ലഡാക്ക് ജമ്മു കശ്‌മീരില്‍ നിന്ന് വിഭജിക്കപ്പെട്ടു. ലഡാക്കിന് സംസ്ഥാന പദവി, ആറാം ഷെഡ്യൂള്‍, പ്രദേശവാസികള്‍ക്ക് ജോലി തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യം. ലഡാക്കിന് പ്രത്യേക പബ്ലിക് സര്‍വീസ് കമ്മിഷന്‍ വേണമെന്നുള്‍പ്പെടെ ഇരു സംഘടനകളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രമുഖ രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ സജ്ജാദ് ഖാര്‍ഗിലി നടന്നുകൊണ്ടിരിക്കുന്ന ലേ ചലോ പ്രതിഷേധത്തെ കുറിച്ച് ശനിയാഴ്‌ച (ഫെബ്രുവരി 3) എക്‌സില്‍ പങ്കുവച്ചു.
ആയിരക്കണക്കിന് ആളുകള്‍ തങ്ങളുടെ ആവശ്യം ഉന്നയിച്ച് തെരുവില്‍ പ്രതിഷേധ പ്രകടനം നടത്തിയെന്ന് സജ്ജാദ് പറഞ്ഞു. 'ലഡാക്കില്‍ നിലവില്‍ നടക്കുന്നത് ഇതാണ്. സംസ്ഥാന പദവി, ആറാം ഷെഡ്യൂളിന് കീഴിലുള്ള ഭരണഘടനാപരമായ സംരക്ഷണം, പിഎസ്‌സി, ലഡാക്കിനായുള്ള തൊഴിലവസരങ്ങള്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ലേയിലെ കഠിനമായ തണുപ്പ് വകവയ്‌ക്കാതെ ആളുകള്‍ ഒത്തുകൂടി പ്രതിഷേധ മാര്‍ച്ച് നടത്തുകയാണ്' -പ്രതിഷേധ മാര്‍ച്ചിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ട് സജ്ജാദ് എക്‌സില്‍ കുറിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും തണുപ്പേറിയ രണ്ടാമത്തെ പ്രദേശമായ കാര്‍ഗിലിലെ ജനങ്ങളും പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അപെക്‌സ് ബോഡി ലേ, കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് എന്നീ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ലഡാക്കില്‍ പ്രതിഷേധം കടുത്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ നാലിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആനന്ദ് റായിയുമായി സംഘനടകള്‍ നടത്തിയ കൂടിക്കാഴ്‌ചയാണ് ലഡാക്ക് വിഷയത്തില്‍ ഒടുവിലത്തേത്.