ന്യൂഡല്‍ഹി: എഴുപത്തിയഞ്ചാം റിപ്പബ്‌ളിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി രാജ്യ തലസ്ഥാനത്ത് ആളില്ലാ വിമാനങ്ങൾ, പാരാഗ്‌ളൈഡറുകൾ, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ, ക്വാഡ്‌കോപ്റ്ററുകൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവയുൾപ്പെടെയുള്ളവയ്ക്ക് വിലക്കേര്‍പ്പെടുത്തി(Delhi Police Prohibited flying of sub-conventional aerial platforms). ജനുവരി 18 മുതൽ ഫെബ്രുവരി 15 വരെ 29 ദിവസത്തേക്കാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
പ്രമുഖരെയോ പൊതുജനങ്ങളെയോ ഉപദ്രവിക്കാനായി പലരും ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കാറുണ്ട്. അത്തരം സാമൂഹ്യ വിരുദ്ധരുടെയും തീവ്രവാദികളുടെയും ഭീഷണി റിപ്പോര്‍ട്ട് ചെയ്‌ത പശ്ചാത്തലത്തില്‍ റിപ്പബ്‌ളിക് ദിനാഘോഷങ്ങള്‍ക്കെത്തുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
മൈക്രോ ലൈറ്റ് എയർക്രാഫ്റ്റ്, റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ്, ഹോട്ട് എയർ ബലൂണുകൾ, ചെറിയ വലിപ്പത്തിലുള്ള പവർ എയർക്രാഫ്റ്റ്, ക്വാഡ്‌കോപ്റ്ററുകൾ തുടങ്ങി വിമാനത്തിൽ നിന്ന് ചാടുന്ന പാരാജംബിങ് ഉള്‍പ്പെടെയുള്ളവയ്ക്ക് നിരോധനം ബാധകമാണ്.
റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് ദേശീയ തലസ്ഥാനത്ത് ഇത്തരം സംവിധാനങ്ങള്‍ക്കുപയോഗിക്കുന്ന വസ്‌തുക്കളുടെ ഓൺലൈൻ വിൽപ്പനയും തടഞ്ഞിട്ടുണ്ട്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 188 പ്രകാരം ശിക്ഷ ലഭിക്കുമെന്ന് ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറ അറിയിച്ചു. ഗവ. ക്രിമിനൽ നടപടി ക്രമത്തിന്‍റെ 144-ാം വകുപ്പ് പ്രകാരമാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി.