കോയമ്പത്തൂർ: ഭാരതിയാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിനിടെ പ്രൊഫസർമാർക്കെതിരെ ഗവർണർ ആർഎൻ രവിക്ക് പരാതി നൽകി ഗവേഷക വിദ്യാർഥി. പ്രൊഫസർമാർ തങ്ങളോട് വീട്ടുജോലികൾ ചെയ്യാൻ ആവശ്യപ്പെടുന്നതായും ഗവേഷക വിദ്യാർഥികളിൽ നിന്ന് കൈക്കൂലി ആവശ്യപ്പെടുന്നതായും വിദ്യാർഥി പരാതിയിൽ പറഞ്ഞു.
കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയുടെ 39-ാമത് ബിരുദദാന ചടങ്ങിനിടെയായിരുന്നു വിദ്യാർഥി പരാതി നൽകിയത്. തമിഴ്‌നാട് ഗവർണറും ഭാരതിയാർ സർവകലാശാല ചാൻസലറുമായ ആർഎൻ രവി, സംസ്‌ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ഗോവി ചെഴിയാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്‌ടർ പ്രൊഫ. മൂർത്തി ചടങ്ങിൽ മുഖ്യാതിഥിയായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇംഗ്ലീഷിൽ ഡോക്‌ടറേറ്റ് നേടിയ പ്രകാശ് എന്ന വിദ്യാർഥിയാണ് തമിഴ്‌നാട് ഗവർണർ ആർഎൻ രവിക്ക് ഭാരതിയാർ സർവകലാശാലയിലെ പ്രശ്‌നങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്. സർവകലാശാലയിലെ ഗവേഷകർക്കിടയിൽ നിരവധി പ്രശ്‌നങ്ങളുണ്ട്. ചില പ്രൊഫസർമാർ അവരുടെ വീട്ടുജോലികൾ ചെയ്യുന്നതിനായി നിർബന്ധിക്കുന്നു. അവരുടെ കുഞ്ഞുങ്ങളെ നോക്കുന്നതിനായി വിദ്യാർഥികളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ചിലരെക്കൊണ്ട് പാത്രം കഴുകിക്കുകയും ബാങ്ക് ജോലികൾ ചെയ്യുന്നതിനായി നിർബന്ധിക്കുകയും ചെയ്യുന്നു.
സർവകലാശാല ക്യാമ്പസിലെ ഗവേഷണ വിദ്യാർഥികൾക്കായുളള രണ്ട് ഹോസ്‌റ്റലുകൾ എസ്‌സി വിഭാഗത്തിൽപ്പെട്ട ആദിദ്രാവിഡർക്ക് വേണ്ടിയുളളതാണ്. എന്നാൽ ഈ ഹോസ്‌റ്റലുകൾ പൊതു ഹോസ്‌റ്റലുകളായാണ് പ്രവർത്തിക്കുന്നത്. ആദിദ്രാവിഡർക്കായി ഹോസ്‌റ്റലുകളില്ലെന്നും ഗവൺമെൻ്റിൻ്റെ ഫണ്ട് ഇതിനായി ഉപയോഗപ്പെടുത്തുന്നുമില്ലെന്നും പരാതിയിൽ വിദ്യാർഥി പറഞ്ഞു.
അമ്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഗവേഷണ പ്രബന്ധം സമർപ്പിച്ചതിന് ശേഷം കൈക്കൂലിയായി ചോദിക്കുന്നത്. എല്ലാ സർവകലാശാലകളിലും ഇത് തന്നെയാണ് നടക്കുന്നത്. ഇത് ഗവർണറുടെ ശ്രദ്ധയിൽപ്പെടണം. സർവകലാശാല ഹോസ്‌റ്റൽ നവീകരണത്തിനായി കോടികളാണ് ചെലവഴിക്കുന്നത്. എന്നാൽ ക്യാമ്പസുകളിലെ ശൗചാലയങ്ങൾ ഇതുവരെ നന്നായി നിർമിച്ചിട്ടില്ല. ഷെക്കിഴാർ ഹോസ്‌റ്റലും നന്നായി പരിപാലിക്കപ്പെടുന്നില്ല. എവിടേക്കാണ് പിന്നെ ഈ ഒരു കോടി രൂപ പോകുന്നതെന്ന് പ്രകാശ് ചോദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്യാമ്പസിലെ മൈതാനങ്ങൾ വാരാന്ത്യങ്ങളിൽ സ്വകാര്യ വ്യക്‌തികൾക്ക് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷങ്ങളായി സ്‌പോർട്‌സ് ഡേ നടത്താതെ തന്നെ വിദ്യാർഥികളിൽ നിന്ന് പണപ്പിരിവ് നടത്തുന്നുണ്ടെന്നും പ്രകാശ് ആരോപിച്ചു.
പ്രകാശ് പരാതി ഉന്നയിച്ചതിന് പിന്നാലെ വേദിയിൽ അൽപനേരം സംഘർഷമുണ്ടായി. പരാതി ഉന്നയിച്ചതിന് ബിരുദാനന്തര ചടങ്ങ് നടന്ന ദിവസം തന്നെ തെരഞ്ഞെടുത്തതിന് പ്രകാശ് ക്ഷമാപണം നടത്തി. ഇതല്ലാതെ വേറെ വഴിയില്ലെന്ന് വിദ്യാർഥി പറഞ്ഞു.
ബിരുദദാന ചടങ്ങിന് ശേഷം ഉന്നത വിദ്യാഭ്യാസ മന്ത്രി ഗോവി ചെഴിയൻ സർവകലാശാല ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന ഗവേഷണ വിദ്യാർഥികളുടെ ഹോസ്‌റ്റലിൽ പരിശോധന നടത്തി. പരാതികൾ കേൾക്കുകയും വിദ്യാർഥികൾക്ക് നൽകുന്ന ഭക്ഷണത്തിൻ്റെ ഗുണനിലവാരം പരിശോധിക്കുകയും ചെയ്‌തു. മന്ത്രിയോടൊപ്പം അഡീഷണൽ ചീഫ് സെക്രട്ടറി ഗോപാലും ഉണ്ടായിരുന്നു.
1622 പേർക്ക് ചടങ്ങിൽ ഡോക്‌ടറേറ്റ് നൽകി. 1,17,233 ബിരുദങ്ങളും 42,312 ബിരുദാനന്തര ബിരുദങ്ങളും 279 ബിരുദാനന്തര ബിരുദങ്ങളും 1,172 ബിരുദാനന്തര ബിരുദങ്ങളും ഉൾപ്പെടെ മൊത്തം 1,62,618 വിദ്യാർഥികൾക്കാണ് ബിരുദം നൽകിയത്.
Also Read: നളന്ദ സർവകലാശാലയുടെ പുനരുജ്ജീവനം; ആസിയാൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ ഇരട്ടിയാക്കുമെന്ന് ഇന്ത്യ