ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കും. ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നും ഫെബ്രുവരി 24ന് നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നയിക്കുക രാഹുൽ ഗാന്ധിയാണ്. അസുഖത്തെ തുടർന്ന് ഫെബ്രുവരി 16ന് നടന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ പ്രിയങ്ക ഗാന്ധി നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു (Priyanka Gandhi To Join Bharat Jodo Nyay Yatra).
യുപിയിൽ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാൻ താൻ കാത്തിരിക്കുകയായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഖം പ്രാപിച്ചാലുടൻ ഞാൻ അവിടെയെത്തും. ചൗന്ദൗലിയിൽ എത്തുമ്പോൾ യാത്രയുടെ ക്രമീകരണങ്ങൾക്കായി കഠിനാധ്വാനം ചെയ്‌ത യുപിയിലെ എൻ്റെ സഹപ്രവർത്തകർക്കും എന്‍റെ സഹോദരനും എല്ലാ വിജയാശംസകളും നേരുന്നു എന്നായിരുന്നു പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം എക്‌സിൽ കുറിച്ചത്.
അതേസമയം, നിർജ്ജലീകരണവും വയറിലെ അണുബാധയേയും തുടർന്ന് ന്യൂഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പ്രിയങ്ക ഗാന്ധി ഇന്നലെയാണ് ആശുപത്രി വിട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നും ഇന്നലെ രാവിലെയാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്ര പുനരാരംഭിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 15 സംസ്ഥാനങ്ങളിലൂടെയാണ് ഈ യാത്ര കടന്നുപോവുക. മണിപ്പൂരിൽ നിന്നും തുടങ്ങിയ യാത്ര അവസാനിക്കുക മുംബൈയിലാണ്.
കഴിഞ്ഞ ദിവസം ബിഹാറിലെ ഔറംഗബാദിൽ നടന്ന മെഗാ റാലിയിൽ രാഹുല്‍ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സംസാരിച്ചിരുന്നു. ഫെബ്രുവരി 24 മുതൽ 25 വരെ സംസ്ഥാനത്തുടനീളം യാത്ര സഞ്ചരിക്കും. ഫെബ്രുവരി 22, 23 തീയതികളില്‍ വിശ്രമ ദിനങ്ങളാണ്.
ALSO READ:'പ്രിയങ്ക ഗാന്ധി ഹരിദ്വാറില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കണം', ആവശ്യവുമായി ജില്ല കോൺഗ്രസ് ഘടകം