ചണ്ഡീഗഢ്: ഹരിയാനയില്‍ ഒക്‌ടോബര്‍ 5ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിയെ തൂത്തെറിയണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അനീതിക്കും അക്രമങ്ങള്‍ക്കും അസത്യങ്ങള്‍ക്കും നേരെയുള്ള പോരാട്ടമാണിതെന്നും അവര്‍ പറഞ്ഞു. ഹരിയാനയിലെ ജുലാനയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും ഗുസ്‌തി താരവുമായ വിനേഷ് ഫോഗട്ടിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി.
ബിജെപി സര്‍ക്കാര്‍ ജനങ്ങളെ എല്ലാ രംഗത്തും ചതിച്ചെന്ന് തൊഴിലില്ലായ്‌മയും അഗ്നിവീര്‍ പദ്ധതിയും കര്‍ഷകരുടെ ക്ഷേമവും അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രിയങ്ക ആരോപിച്ചു. അവസരം നമുക്ക് വീണ്ടും ലഭിച്ചിരിക്കുകയാണ്. കുരുക്ഷേത്ര യുദ്ധം പോലെ, ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന പോരാട്ടം പോലെയാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ അനീതിക്കും അസത്യത്തിനും അക്രമങ്ങളക്കുമെതിരെയുള്ള പോരാട്ടമാണിത്. നിങ്ങള്‍ തന്നെ ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കണമെന്നും അവര്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ഒരു പറ്റം വ്യവസായികള്‍ക്ക് വേണ്ടിയാണ് നില കൊള്ളുന്നത്.
വാഗ്‌ദാനം ചെയ്‌തത് പോലെ ബിജെപി സര്‍ക്കാരിന് തൊഴിലവസരങ്ങള്‍ നല്‍കാനാകുന്നില്ല. എല്ലാം അദാനിക്കും അംബാനിക്കും വേണ്ടിയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി. രാജ്യത്തെ തുറമുഖങ്ങളും വ്യവസായങ്ങളും വിമാനത്താവളങ്ങളുമെല്ലാം വന്‍കിട വ്യവസായികള്‍ക്ക് തീറെഴുതിക്കഴിഞ്ഞു. കാര്‍ഷിക രംഗത്തും ചെറുകിട വ്യവസായ രംഗത്തും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനാകുന്നില്ല. അവരുടെ നയങ്ങള്‍ തൊഴില്‍ സൃഷ്‌ടിക്കെതിരായതിനാലാണ് തൊഴിലവസരങ്ങള്‍ ഉണ്ടാകാത്തതെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
അഗ്നിപഥ് പദ്ധതിയിലെ അഗ്നിവീറുകള്‍ക്ക് നാല് വര്‍ഷത്തെ സേവനത്തിന് ശേഷം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ല. അവര്‍ വീണ്ടും പുതിയ തൊഴിലിനായി അലയേണ്ടി വരുന്നു. ബിജെപി സര്‍ക്കാരിന്‍റെ പരിവാര്‍ പഹ്‌ചാന്‍ പത്ര പദ്ധതിയെയും പ്രിയങ്ക വിമര്‍ശിച്ചു. ഇത് ജനങ്ങള്‍ക്ക് പല ബുദ്ധിമുട്ടുകളും സൃഷ്‌ടിക്കുന്നുണ്ട്. നിങ്ങളെ പത്ത് വര്‍ഷമായി തെറ്റിദ്ധരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കര്‍ഷകര്‍ക്കും ജവാന്‍മാര്‍ക്കും ഗുസ്‌തിതാരങ്ങള്‍ക്കും സ്‌ത്രീകള്‍ക്കുമെതിരെ പത്ത് വര്‍ഷമായി അനീതിയാണ് നമ്മുടെ രാജ്യത്ത് അരങ്ങേറുന്നത്.
ഡല്‍ഹിയിലെ തെരുവുകളില്‍ പ്രതിഷേധിച്ച കര്‍ഷകരെ കാണാന്‍ മോദി അഞ്ച് നിമിഷം പോലും കണ്ടെത്തിയില്ല. കര്‍ഷകരെ ബാധിക്കുന്ന കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരാനായിരുന്നു മോദിക്ക് ധൃതി. ഇത്തരം നിയമങ്ങളിലൂടെ വന്‍കിട വ്യവസായികള്‍ക്ക് ഗുണമുണ്ടാകുമെന്ന് മോദി മനസിലാക്കി. കര്‍ഷകര്‍ക്ക് ഇതില്‍ നിന്ന് യാതൊരു പ്രയോജനവുമില്ല. മാസങ്ങളോളം നിങ്ങള്‍ പ്രതിസന്ധി നേരിട്ടു. നിങ്ങളെ തല്ലിച്ചതച്ചു. 750 കര്‍ഷകര്‍ മരിച്ച് വീണു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് വന്നതോടെയാണ് സര്‍ക്കാരിന് ബോധോദയമുണ്ടായതെന്നും പ്രിയങ്ക ആരോപിച്ചു.
ബിജെപി സര്‍ക്കാര്‍ താങ്ങു വില പ്രഖ്യാപിച്ച 24 വിളകളില്‍ പത്തെണ്ണവും ഹരിയാനയില്‍ ഇല്ലാത്തവയാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. അവര്‍ ആരെയാണ് വിഡ്ഢികളാക്കുന്നത്. രാജ്യം മുഴുവനും ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ഈ സര്‍ക്കാരിനെ മാറ്റിയേ തീരൂ. ബിജെപിയെ പുറത്താക്കൂവെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
വിനേഷ് ഫോഗട്ടിനോടും അവരുടെ സഹതാരങ്ങളോടും മോദി സര്‍ക്കാര്‍ അനീതി കാട്ടി. അത് തന്നെയാണ് നിങ്ങളോടും ചെയ്യുന്നത്. നിങ്ങളുടെ വിശ്വാസങ്ങളെല്ലാം തകര്‍ന്നിരിക്കുന്നു. വിനേഷ് സ്വന്തം കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിലകൊണ്ടത്. ഇത് ഒരാളുടെ മാത്രം കാര്യമല്ല. എല്ലാവര്‍ക്കും വേണ്ടിയുള്ള പോരാട്ടമാണ്. അവളോട് അനീതികാട്ടുമ്പോള്‍ അത് നിങ്ങളോരോരുത്തരോടുമാകുന്നു. വിനേഷ് തന്‍റെ പ്രതിഷേധം കാട്ടിയപ്പോള്‍ മോദി ഒരു ചായകുടിക്കാന്‍ പോലും ക്ഷണിച്ച് കാര്യങ്ങള്‍ ആരാഞ്ഞില്ല. അവളെ കാണാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ രാജ്യം മുഴുവന്‍ അവള്‍ക്കൊപ്പം നിന്നു. എല്ലാവരും ഈ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കൊപ്പമുണ്ടാകണമെന്നും പ്രിയങ്ക അഭ്യര്‍ഥിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കര്‍ഷകരെ ഒരു മന്ത്രിയുടെ മകന്‍ തന്‍റെ ജീപ്പ് കൊലപ്പെടുത്തിയ 2021ലെ ലഖിംപൂര്‍ ഖേരി സംഭവം ചൂണ്ടിക്കാട്ടി പ്രിയങ്ക പറഞ്ഞു. ബിജെപി സര്‍ക്കാര്‍ പത്ത് വര്‍ഷമായി ഇവിടെ ഭരിക്കുന്നു. പക്ഷേ നിങ്ങള്‍ക്ക് ഗുണകരമായ ഒന്നും ചെയ്‌തിട്ടില്ല. നിങ്ങള്‍ക്ക് അവരെ ആവശ്യമുള്ളപ്പോഴെല്ലാം അവര്‍ പിന്നാക്കം പോയി. അവര്‍ക്ക് അവരുടെ താത്പര്യങ്ങള്‍ക്കാണ് പ്രാമുഖ്യം.
പത്ത് വര്‍ഷം പഴക്കമുള്ള വിഷയങ്ങളാണ് മോദി ഉയര്‍ത്തിക്കാട്ടുന്നതെന്ന് കോണ്‍ഗ്രസിനെതിരെ ബിജെപി ഉയര്‍ത്തുന്ന അഴിമതി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രിയങ്ക പരിഹസിച്ചു. എല്ലാ വ്യവസായങ്ങളും നിങ്ങളുടെ രണ്ട് സുഹൃത്തുക്കള്‍ക്കായി തീറെഴുതുകയും കര്‍ഷക നിയമങ്ങള്‍ അവര്‍ക്ക് വേണ്ടി പൊളിച്ചെഴുതുകയും ചെയ്യുമ്പോള്‍ ഏതാണ് വലിയ അഴിമതിയെന്നും പ്രിയങ്ക ആരാഞ്ഞു.
വോട്ടിലൂടെ മാറ്റം കൊണ്ടുവരാന്‍ ഭരണഘടന ജനങ്ങള്‍ക്ക് അവകാശം നല്‍കുന്നുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ അവകാശവാദങ്ങള്‍ ഉയര്‍ത്തി. നുണപ്രചരണങ്ങള്‍ നടത്തി. ഹരിയാനയില്‍ നിരവധി അഴിമതികള്‍ അരങ്ങേറി. ഈ തെരഞ്ഞെടുപ്പിന്‍റെ ഗൗരവം മനസിലാക്കാനുള്ള സമയം ആഗതമായിരിക്കുന്നു. നമ്മുടെ പണം നിത്യവും ബിജെപി സര്‍ക്കാര്‍ കൊള്ളയടിച്ച് കൊണ്ടിരിക്കുന്നു. ഇതെല്ലാം ജനങ്ങളുടെ പോക്കറ്റിലേക്ക് തിരികെ എത്തണമെന്നും പ്രിയങ്ക പറഞ്ഞു.
തങ്ങള്‍ നല്‍കുന്ന ഉറപ്പ് താങ്ങുവിലയാണെന്ന് പ്രിയങ്ക തന്‍റെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. നമുക്ക് ഒരുമിച്ച് പൊരുതാം. പുത്തന്‍ സര്‍ക്കാരിനെ കൊണ്ടുവരാം. തട്ടിയെടുക്കലും അഴിമതിയും അസത്യവും വച്ച് പൊറുപ്പിക്കില്ലെന്ന് ബിജെപിയോട് നമ്മുക്ക് കൂട്ടായി പറയാമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.