ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിൻ. ബിജെപി പ്രതിപക്ഷത്തും കോൺഗ്രസ് ഭരണകക്ഷിയുമാണെന്ന രീതിയിലാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്നും, മനസിലാക്കാൻ കഴിയാത്ത 'പസിൽ' ആണ് ഇതെന്നും സ്റ്റാലിൻ പരിഹസിച്ചു (Tamil Nadu Chief Minister MK Stalin).
പ്രധാനമന്ത്രിയുടെ പ്രസംഗം താന്‍ കാണുകയും വായിക്കുകയും ചെയ്‌തു , ചിരിക്ക് വക നല്‍കുന്നതാണ് മോദിയുടെ പ്രസംഗമെന്നായിരുന്നു സ്റ്റാലിന്‍റെ ആദ്യ പ്രതികരണം.
അധികാരത്തിൽ വന്നതുമുതൽ കോൺഗ്രസ് ആണ് ഭരണകക്ഷിയും താൻ പ്രതിപക്ഷ നേതാവും എന്ന രീതിയിലാണ് മോദി പെരുമാറുന്നത്. 543 ലോക്‌സഭ സീറ്റുകളിൽ എൻഡിഎ വിജയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞെങ്കില്‍ പോലും അതിശയം തോന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ 400 സീറ്റുകളിൽ വിജയിക്കുമെന്ന മോദിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നാലുദിവസത്തെ സ്‌പാനിഷ് പര്യടനത്തിനു ശേഷം മടങ്ങിയെത്തിയ സ്റ്റാലിന്‍, സ്പെയിൻ സന്ദർശനം വഴി 3,440 കോടി രൂപയുടെ വിദേശ നിക്ഷേപം ഉറപ്പാക്കിയെന്നും, നിരവധി സ്‌പാനിഷ് കമ്പനികളുമായി ധാരണാപത്രം ഒപ്പിടാൻ സാധിച്ചെന്നും അറിയിച്ചു. നിക്ഷേപം ആകർഷിക്കുന്നതിനുള്ള തുടർ സന്ദർശനങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.