ന്യൂഡല്‍ഹി: മൂന്നാം എൻഡിഎ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന്. രാഷ്‌ട്രപതി ഭവനില്‍ രാത്രി 7:15നാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്ന നരേന്ദ്ര മോദിയ്‌ക്കൊപ്പം മറ്റ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏഴ് വിദേശ രാജ്യങ്ങളിലെ നേതാക്കള്‍ അടക്കം എണ്ണായിരത്തിലധികം പേരാണ് പരിപാടിയില്‍ പങ്കെടുക്കുക. ശ്രീലങ്ക, മാലിദ്വീപ്, എന്നിവിടങ്ങളിലെ പ്രസിഡന്റുമാരും ബംഗ്ലാദേശ്, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചടങ്ങില്‍ അതിഥികളായെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകുന്നേരം ആറരയോടെ രാജ്‌ഘട്ടിലെത്തി രാഷ്‌ട്രപിതാവിന് ആദരവര്‍പ്പിക്കും.
സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷ വലയത്തിലാണ് രാജ്യതലസ്ഥാനം. ഡല്‍ഹി പൊലീസ്, എൻഎസ്‌ജി, അര്‍ധ സൈനിക വിഭാഗങ്ങള്‍ സംയുക്തമായാണ് സുരക്ഷയൊരുക്കുന്നത്. ന്യൂഡല്‍ഹിയില്‍ ഇന്ന് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
മന്ത്രിസഭ രൂപീകരണത്തില്‍ എൻഡിഎയിലെ സഖ്യകക്ഷികളുമായി ബിജെപി ചര്‍ച്ചകള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ടിഡിപി, ജെഡിയു പാര്‍ട്ടികള്‍ക്ക് ഒരു കാബിനറ്റ് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രി സ്ഥാനവും ലഭിച്ചേക്കാനാണ് സാധ്യതകള്‍ എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഇന്ത്യ മുന്നണി നേതാക്കൾക്കും എംപിമാർക്കും ക്ഷണം ലഭിച്ചിട്ടില്ല. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ശിവസേന, സിപിഎം, സിപിഐ, ആർഎസ്‌പി തുടങ്ങിയ പാർട്ടികളുടെ നേതാക്കൾ ക്ഷണം ലഭിച്ചിട്ടില്ലെന്നും ചടങ്ങിൽ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി.