ഹൈദരാബാദ്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ നേട്ടമുണ്ടാക്കാൻ സര്‍വ്വസന്നാഹങ്ങളുമായി തയ്യാറായിരിക്കുകയാണ് ബിജെപി. ദക്ഷിണേന്ത്യയിൽ എൻഡിഎയ്ക്ക് അനുകൂലമായ "അസാധാരണമായ ആവേശം" ഉണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടത്. തിങ്കളാഴ്‌ച (18-03-2024) കർണാടകയിലെ ശിവമോഗയിലും, തെലങ്കാനയിലെ ജഗ്‌തിയാലിലും പ്രധാനമന്ത്രി റാലികളെ അഭിസംബോധന ചെയ്തു. കൂടാതെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ റോഡ്‌ഷോയും നടത്തി (Lok Sabha Election 2024; Prime Minister-Narendra Modi's leads 3 Ralleys in south india).
"ഞാൻ ഇന്ന് (18-03-2024) ജഗ്‌തിയാലിലും ശിവമോഗയിലും റാലികളെ അഭിസംബോധന ചെയ്യും. പിന്നീട് വൈകുന്നേരം കോയമ്പത്തൂരിൽ റോഡ്ഷോയിൽ ചേരും. അത് തെലങ്കാനയിലായാലും കർണാടകയിലായാലും തമിഴ്‌നാടായാലും എൻഡിഎയ്‌ക്ക് അസാധാരണമായ ആവേശമാണ്,” – മോദി തന്‍റെ എക്‌സിൽ കുറിച്ചു.
മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി പാർലമെൻ്ററി ബോർഡ് അംഗവുമായ ബി.എസ്. യെദ്യൂരപ്പയുടെ തട്ടകമായ ശിവമൊഗയിലാണ് പ്രധാനമന്ത്രിയുടെ റാലി സംഘടിപ്പിക്കുന്നത്. മകന് അവസരം നിഷേധിച്ചതിനെ തുടർന്ന് അതൃപ്‌തനായ പാർട്ടി നേതാവ് കെ.എസ്. ഈശ്വരപ്പ ഷിമോഗ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണ് യെദ്യൂരപ്പയുടെ മൂത്ത മകൻ ബി.വൈ. രാഘവേന്ദ്രയെ ശിവമോഗയിൽ ബിജെപി മത്സരിപ്പിച്ചത് (BJP Ralleys in south india).
തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പ്രദേശത്തിന്‍റെ സാമുദായിക സ്വഭാവവും, നിലവിലുള്ള പൊതു പരീക്ഷകളും കാരണമായി ചൂണ്ടിക്കാട്ടി ബിജെപി റാലിയ്ക്ക് ലോക്കൽ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെത്തുടർന്ന് പാർട്ടിക്ക് പരിപാടി അനുവദിക്കുന്നതിനായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു. തുടർന്നാണ് പ്രധാനമന്ത്രിയുടെ റോഡ്ഷോ നടത്തുന്നത്.
മുൻകാലങ്ങളിൽ ബിജെപിയെ അനുകൂലിച്ച കോയമ്പത്തൂർ മണ്ഡലം 90 കളിൽ നിലവിലെ ജാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷ്‌ണനെ രണ്ട് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കുകയും, പാർട്ടിയുടെ വനിതാ വിഭാഗം നേതാവ് വനതി ശ്രീനിവാസനെ 2021 ൽ തമിഴ്‌നാട് നിയമസഭയിലേക്ക് തെരഞ്ഞടുക്കുകയും ചെയ്‌തിട്ടുണ്ട്.
ഇതിനു പുറമെ തെലങ്കാനയിലെ നിസാമാബാദ് നിയോജക മണ്ഡലത്തിന്‍റെ ഭാഗമായ ജഗ്‌തിയാലിലെ മോദിയുടെ റാലി കരിംനഗർ സീറ്റിൽ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇവ രണ്ടിലും 2019-ൽ ബിജെപി വിജയിച്ചിരുന്നു. സംസ്ഥാനത്തെ 17 ലോക്‌സഭാ സീറ്റുകളിൽ നാലെണ്ണം നേടാനാണ് പാർട്ടി ശ്രമിക്കുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമായ 400 ലോക്‌സഭാ സീറ്റുകൾ കൈവരിക്കാനുള്ള ശ്രമത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആഴത്തിലുള്ള രാഷ്‌ട്രീയ ഇടപെടലുകൾ നടത്താനുള്ള ബിജെപിയുടെ തീവ്രശ്രമങ്ങളുടെ സൂചനയാണ് ഈ മൂന്ന് റാലികൾ.
പുതുച്ചേരി, ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശങ്ങൾ കൂടാതെ ആന്ധ്രാപ്രദേശ്, കർണാടക, കേരളം, തമിഴ്‌നാട്, തെലങ്കാന എന്നീ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി ലഭ്യമായ 131 ലോക്‌സഭാ സീറ്റുകളിൽ മികച്ച നേട്ടമുണ്ടാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.