വാരണാസി ( ഉത്തർ പ്രദേശ് ) : വാരണാസി ലോക്‌സഭ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാര്‍ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസി ജില്ല മജിസ്‌ട്രേറ്റിൻ്റെ ഓഫീലാണ് സിറ്റിങ് എംപി കൂടിയായ മോദി പത്രിക സമർപ്പിച്ചത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും, അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരിയും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു. കഴിഞ്ഞ രണ്ട് തവണത്തെയും പോലെ ഗംഗ നദിയില്‍ മുങ്ങി കുളിച്ച് കാലഭൈരവനോട് പ്രാര്‍ഥിച്ച ശേഷമാണ് അദ്ദേഹം പത്രിക സമര്‍പ്പണത്തിന് എത്തിയത്. തുടർച്ചയായ മൂന്നാം തവണയാണ് മോദി വാരണാസിയിൽ നിന്നും അദ്ദേഹം മത്സരിക്കുന്നത്.
ബിജെപി ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നാമനിർദേശ പത്രിക സമർപ്പണത്തിന് പ്രധാനമന്ത്രിയോടൊപ്പമെത്തിയിരുന്നു. കൂടാതെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുൾപ്പെടെ നിരവധി കേന്ദ്രമന്ത്രിമാരും വിവിധ എൻഡിഎ സഖ്യകക്ഷികളുടെ അധ്യക്ഷന്മാരും എത്തി.
ഇന്ത്യ ബ്ലോക്കിന്‍റെ സംയുക്ത നോമിനിയായ കോൺഗ്രസ് സ്ഥാനാർഥി അജയ് റായിയെയാണ് ഇത്തവണയും അദ്ദേഹം നേരിടുന്നത്. രോഹാനിയ, വാരണാസി നോർത്ത്, വാരണാസി സൗത്ത്, വാരണാസി കാൻ്റ്റ്, സേവാപുരി എന്നിവയുൾപ്പെടെ അഞ്ച് നിയമസഭ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന വാരണാസി ലോക്‌സഭ മണ്ഡലം ബിജെപിയുടെ ശക്തികേന്ദ്രമാണ്.
2014-ലെയും 2019-ലെയും പൊതുതെരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി മോദി മണ്ഡലം നേടിയത് മികച്ച ഭൂരിപക്ഷത്തോടെയാണ്. 2014-ലെയും 2019-ലെയും ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ മോദിക്കെതിരെ അജയ് റായിയെ തന്നെയായിരുന്നു കോൺഗ്രസ് രംഗത്തിറക്കിയത്. കഴിഞ്ഞ രണ്ട് തവണയും മൂന്നാം സ്ഥാനത്തായിരുന്നു ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായ അജയ് റായ്.
2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ 6,74,664 വോട്ടുകൾക്ക് മോദി വിജയം നേടിയത്. സമാജ്‌വാദി പാർട്ടിയുടെ ശാലിനി യാഥവ്, കോൺഗ്രസിന്‍റെ അജയ് റായി എന്നിവരെ മറികടന്നാണ് മോദി രണ്ടാം വരവറിയിച്ചത്. 2014 ൽ ആം ആദ്‌മി പാർട്ടിയുടെ അരവിന്ദ് കെജ്‌രിവാളായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന എതിരാളി. 2014-ൽ 581022 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.