ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപ പ്രധാനമന്ത്രിയുമായ ലാൽ കൃഷ്‌ണ അദ്വാനിക്ക് ഭാരതരത്‌ന പുരസ്‌കാരം നൽകി ആദരിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഇന്ന് അദ്ദേഹത്തിന്‍റെ വസതിയിലെത്തിയാണ് മുർമു പുരസ്‌കാരം സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ, മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു എന്നിവരുടെ സാന്നിധ്യത്തിലാണ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ചത്.
എൽ കെ അദ്വാനിയെ ഭാരതരത്‌ന നൽകി ആദരിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ് എൽ കെ അദ്വാനിയെന്നും ഇന്ത്യയുടെ വികസനത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ എടുത്തു പറയേണ്ടതാണെന്നും നരേന്ദ്ര മോദി എക്‌സിൽ കുറിച്ചിരുന്നു. താഴെത്തട്ടിൽ നിന്നും പ്രവർത്തിച്ചു തുടങ്ങി ഉപ പ്രധാനമന്ത്രി വരെയായി രാജ്യത്തെ സേവിച്ച എൽ കെ അദ്വാനിക്ക് ഭാരതരത്‌നം നൽകുമെന്ന കാര്യം പങ്കുവെക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും മോദി പറഞ്ഞിരുന്നു.
ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപക അംഗമായിരുന്നു എൽ കെ അദ്വാനി. 96 വയസ് പ്രായമുള്ള അദ്വാനിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് രാഷ്‌ട്രപതി അദ്ദേഹത്തിന്‍റെ വസതിയിലെത്തി പുരസ്‌കാരം സമ്മാനിച്ചത്.