ന്യൂഡൽഹി : ജമ്മു കശ്‌മീരില്‍ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിനുനേരെ ഞായറാഴ്‌ച (ജൂൺ 9) നടന്ന ഭീകരാക്രമണം വളരെ ഹീനമായ സംഭവമാണെന്നും രാജ്യം ആക്രമണത്തിനിരയായവരുടെ കുടുംബത്തോടൊപ്പം നിൽക്കുമെന്നും രാഷ്‌ട്രപതി ദ്രൗപതി മുർമു. ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിൽ ഉത്തർപ്രദേശിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസിന് നേരെ ഞായറാഴ്‌ച വൈകുന്നേരം ഭീകരർ നടത്തിയ വെടിവയ്പ്പിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
'ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ഭീകരാക്രമണം വേദനാജനകമാണ്. ഈ ഹീനമായ പ്രവൃത്തി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ്. രാജ്യം ആക്രമണത്തിന് ഇരയായവരുടെ കുടുംബത്തോടൊപ്പം നിൽക്കും. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു,' -ദ്രൗപതി മുർമു എക്‌സിൽ പോസ്‌റ്റ് ചെയ്‌തു.
നേരത്തെ, മറ്റൊരു പോസ്‌റ്റിൽ, 'ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിലുണ്ടായ ബസ് അപകടത്തിൽ നിരവധി തീർഥാടകർ മരിച്ച വിവരം അറിഞ്ഞതിൽ താൻ വളരെയധികം വിഷമിക്കുന്നു' എന്ന് രാഷ്ട്രപതി പറഞ്ഞിരുന്നു. ആക്രമണത്തിൽ മരണപ്പെട്ടവർക്ക് രാഷ്‌ട്രപതി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു എന്നും ദ്രൗപതി മുർമു പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അത് സാമൂഹ്യമാധ്യമത്തിൽ നിന്ന് നീക്കം ചെയ്‌തു.
ALSO READ : ജമ്മു കശ്‌മീരില്‍ തീർഥാടകർ സഞ്ചരിച്ച ബസിനുനേരെ വെടിവെയ്‌പ്പ്; 9 പേർ കൊല്ലപ്പെട്ടു, 33 പേർക്ക് പരിക്ക്