ന്യൂഡൽഹി : സിസ്‌ജെൻഡർ സ്‌ത്രീകൾക്ക് പുറമേ, ബൈനറി അല്ലാത്തവർക്കും ട്രാൻസ്‌ജെൻഡർ പുരുഷന്മാർക്കും ഗർഭം ധരിക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തുടര്‍ന്ന് ഏപ്രിൽ 29 ന് കോടതി പുറപ്പെടുവിച്ച വിധിയിൽ ബലാത്സംഗത്തിന് ഇരയായ 14 വയസുകാരിയുടെ 30 ആഴ്‌ചത്തെ ഗർഭം അലസിപ്പിക്കാൻ അനുവദിച്ച മുൻ ഉത്തരവ് കോടതി തിരിച്ചുവിളിച്ചു. സാധാരണഗതിയിൽ കുഞ്ഞിനെ പ്രസവിക്കണമെന്ന ആഗ്രഹം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ രക്ഷിതാക്കൾ പ്രകടിപ്പിച്ചതിനെത്തുടർന്ന്, ഗർഭച്ഛിദ്രം ചെയ്യാൻ അനുവദിച്ചുകൊണ്ടുള്ള മുൻ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
മകളുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കയുള്ളതിനാല്‍ കുഞ്ഞിനെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. ഗർഭിണിയായ സ്‌ത്രീ എന്നതിന് പകരം 'ഗർഭിണിയായ വ്യക്തി' എന്ന പദം സുപ്രീം കോടതി ഉപയോഗിച്ചത് എന്തുകൊണ്ടാണെന്ന് ബെഞ്ചിന് വേണ്ടി വിധി എഴുതിയ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
'ഗർഭിണിയായ വ്യക്തി' എന്ന പദം ഉപയോഗിക്കുന്നു, കൂടാതെ സിസ്‌ജെൻഡർ സ്‌ത്രീകൾക്ക് പുറമേ, മറ്റ് ലിംഗഭേദങ്ങൾക്കിടയിലുള്ള നോൺ-ബൈനറി ആളുകൾക്കും ട്രാൻസ്‌ജെൻഡർ പുരുഷന്മാർക്കും ഗർഭം ധരിക്കേണ്ടതുണ്ടെന്ന് തിരിച്ചറിയുന്നതായി വിധിന്യായത്തിലെ അടിക്കുറിപ്പിൽ പറഞ്ഞു.
ഇരുപത്തിനാലാഴ്‌ചയ്ക്ക് മുകളില്‍ ഗർഭാവസ്ഥയിലുള്ള ഗർഭിണിയെ വിലയിരുത്തുന്ന മെഡിക്കൽ ബോർഡ് മുഴുവൻ വിശദാംശങ്ങളും കോടതിയിൽ സമർപ്പിച്ചുകൊണ്ട് വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കണക്കിലെടുക്കണമെന്ന് വിശ്വസിക്കുന്നതായും സുപ്രീം കോടതി പറഞ്ഞു.
തെരഞ്ഞെടുക്കാനുള്ള അവകാശവും പ്രത്യുൽപാദന സ്വാതന്ത്ര്യവും ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം മൗലികാവകാശമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിനാൽ, പ്രായപൂർത്തിയാകാത്ത ഗർഭിണിയുടെ അഭിപ്രായം രക്ഷിതാവിൽ നിന്ന് വ്യത്യസ്‌തമാണെങ്കിൽ, ഗർഭിണിയുടെ വീക്ഷണം കോടതി ഒരു പ്രധാന ഘടകമായി കണക്കാക്കണമെന്നും ചൂണ്ടികാട്ടി.