ന്യൂഡൽഹി: ഉത്തർപ്രദേശിലെ സർസാവ, ഗോരഖ്‌പൂർ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിൽ MQ-9B പ്രഡേറ്റർ ഡ്രോണുകൾ വിന്യസിക്കാൻ ഒരുങ്ങി ഇന്ത്യൻ കര, വ്യോമ സേനകള്‍. ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെ ചൈനയുമായുള്ള ലൈന്‍ ഓഫ് ആക്‌ച്വല്‍ കണ്‍ട്രോള്‍ നിരീക്ഷണം മെച്ചപ്പെടുത്താനാണ് ഡ്രോണുകള്‍ സ്ഥാപിക്കുന്നത്.
ഏകദേശം 4 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ഡ്രോൺ ഇടപാട് ചര്‍ച്ച അമേരിക്കയുമായി പുരോഗമിക്കുകയാണ്. 'MQ-9B ഡ്രോണുകൾക്ക്, പറന്നുയരുന്നതിനും ലാൻഡിങ്ങിനും റൺവേ നീളം ആവശ്യമാണ്. അത് ഇന്ത്യൻ വ്യോമസേനയിൽ ലഭ്യമാണ്. അതുകൊണ്ടാണ് സർസാവയിലെയും ഗൊരഖ്‌പൂരിലെയും എയർബേസുകളിൽ ആർമി ഡോണുകൾ ഐഎഎഫിനൊപ്പം വിന്യസിക്കാൻ പദ്ധതിയിട്ടത്.'- പ്രതിരോധ ഉദ്യോഗസ്ഥർ വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.
40,000 അടിയിലധികം ഉയരത്തിൽ, 36 മണിക്കൂറിലധികം പറക്കാന്‍ കഴിവുള്ളതാണ് 31 MQ-9B ഡ്രോണുകൾ. ഹെൽഫയർ എയർ-ടു-ഗ്രൗണ്ട് മിസൈലുകളും സ്‌മാർട്ട് ബോംബുകളും ഇതില്‍ ഘടിപ്പിക്കാനുമാകും.
ഇന്ത്യയുടെ നിരീക്ഷണം, വിശേഷിച്ചും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ചൈനയും പാകിസ്ഥാനുമായുള്ള അതിർത്തികളിലെ പട്രോളിങ്ങും മെച്ചപ്പെടുത്താന്‍ പ്രഡേറ്റർ ഡ്രോണുകൾക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ തീരത്ത് നിന്ന് ഏകദേശം 3,000 കിലോമീറ്റർ അകലെ നടക്കുന്ന പ്രവർത്തനങ്ങളുടെ വരെ വ്യക്തമായ ചിത്രം നല്‍കാന്‍ MQ-9Bക്ക് കഴിയും.
യുഎസുമായുള്ള ഡ്രോൺ കരാർ പ്രകാരം, 31 MQ-9B ഡ്രോണുകളിൽ 15 എണ്ണം സമുദ്ര മേഖലയുടെ നിരീക്ഷണത്തിനായി ഇന്ത്യൻ നാവികസേന വിന്യസിക്കും.ഐഎഎഫിനും സൈന്യത്തിനും എട്ട് ഡ്രോണുകള്‍ വീതവും ലഭിക്കും. നിലവിലുള്ള മറ്റ് സംവിധാനങ്ങളുടെയും പിന്തുണയോടെ എൽഎസിയിലെ ഏകദേശം എല്ലാ മേഖലകളും നിരീക്ഷിക്കാന്‍ സൈന്യത്തിനാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read : പ്രതിരോധ വിപണിയിലെ വിജയഗാഥ; സ്വയംപര്യാപ്‌ത ഇന്ത്യയുടെ വളര്‍ച്ചയും വെല്ലുവിളികളും