ഡൽഹി : കർണാടകയിൽ ചൊവ്വാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് സയ്യിദ് നസീർ ഹുസൈൻ രാജ്യസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അദ്ദേഹത്തിൻ്റെ അനുയായികൾ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തി എന്ന ആരോപണത്തിന് പിന്നാലെ വിവാദങ്ങൾ ഉയരുന്നു (Pakistan Sloganeering in Karnataka). കേന്ദ്രമന്ത്രി പ്രലാദ് ജോഷി വിമര്‍ശനം രേഖപ്പെടുത്തി രംഗത്തെത്തി. ഇത്രയും മഹത്തായ പാർട്ടി പാകിസ്ഥാനെ നേരിട്ട് പിന്തുണക്കുകയാണെന്നാണ് പ്രലാദ് ജോഷിയുടെ ആരോപണം. വീഡിയോ സന്ദേശത്തിലൂടെയാണ് പ്രലാദ് ജോഷിയുടെ പ്രതികരണം.
പ്രലാദ് ജോഷി പങ്കുവച്ച വീഡിയോയിൽ പറയുന്നത് ഇങ്ങനെ, തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് നസീർ ഹുസൈൻ വിജയിച്ചതിന് ശേഷം കർണാടകയിലെ ജനാധിപത്യത്തിന്‍റെ പവിത്ര മന്ദിരത്തിൽ വച്ച് പാകിസ്ഥാൻ സിന്ദാബാദ് എന്ന് തുടങ്ങിയ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയത്. കോൺഗ്രസ് ഇപ്പോൾ നേരിട്ട് പാകിസ്ഥാനെ പിന്തുണയ്‌ക്കുന്നത് വളരെ അപകടകരമാണ്. രാഹുൽ ഗാന്ധിക്കും മല്ലികാർജുർ ഖാർഗെക്കും ഇക്കാര്യത്തിൽ എന്താണ് നിലപാട് എന്ന് അദ്ദേഹം ചോദിച്ചു.
ഖാർഗെയുടെ കണ്ണാടിയാണല്ലോ നസീർ ഹുസൈൻ അപ്പോൾ ഈ വിഷയത്തിൽ ഖാർഗെ ഒരു വ്യക്തമായ ഉത്തരം പറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല ഈ കാര്യം ഗൗരവമായി കണ്ട് സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ കർണാടക ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര യെദ്യൂരപ്പയും പ്രതികരണം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കർണാടകത്തിലെ ജനാധിപത്യ ക്ഷേത്രത്തിൽ വച്ച് 'പാകിസ്ഥാൻ സിന്ദാബാദ്' പരസ്യമായി ഉയർത്തിയത് അങ്ങേയറ്റം രാജ്യത്തെ അപമാനിക്കുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്ര താൽപര്യങ്ങൾക്ക് വിരുദ്ധമായി കോൺഗ്രസുകാർ സംഭരിക്കുന്ന വിഷാംശങ്ങളുടെ തരം ഊഹിക്കാവുന്നതേയുള്ളൂ. രാജ്യസഭ തെരഞ്ഞെടുപ്പിൽ നസീർ ഹുസൈൻ്റെ (Rajya Sabha Election Karnataka) വിജയം ആഘോഷിക്കുന്ന കോൺഗ്രസ് അനുഭാവികളുടെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ അവരുടെ ഉദ്ദേശങ്ങളെയും വിശ്വസ്‌തതയേയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. നികൃഷ്‌ടമായ ദേശവിരുദ്ധ നടപടിയെ കോൺഗ്രസ് ഒരിക്കലും ഒരു തരത്തിലും അനുകൂലിക്കരുത്, പാകിസ്ഥാനെ പിന്തുണച്ച പ്രവർത്തകർക്കെതിരെ നടപടി എടുക്കണം. കോൺഗ്രസ് പ്രവർത്തകരുടെ പ്രവർത്തി ഒരിക്കലും മറക്കാനോ പൊറുക്കാനോ കഴിയില്ല എന്നും അദ്ദേഹം കൂട്ടിചേർത്തു.
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തിയ കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. ഇതിന് വേണ്ടി സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുമെന്നും ബിജെപി അറിയിച്ചു. എന്നാൽ ഈ വിഷയത്തിൽ തനിക്ക് പങ്കില്ലെന്ന് പറഞ്ഞ് സയ്യിദ് നസീർ ഹുസൈൻ രംഗത്തെത്തിയിട്ടുണ്ട്.
ഹുസൈൻ പറഞ്ഞത് ഇങ്ങനെ, വിജയിച്ച മൂന്ന് സ്ഥാനാർഥികൾ, അവരുടെ നടുവിൽ താനും ഉണ്ടായിരുന്നു. തുടർന്ന് 'നസീർ ഹുസൈൻ സിന്ദാബാദ്', 'നസീർ ഖാൻ സിന്ദാബാദ്', 'നസീർ സാഹബ് സിന്ദാബാദ്', 'കോൺഗ്രസ് പാർട്ടി സിന്ദാബാദ്' എന്നിങ്ങനെ നിരവധി മുദ്രാവാക്യങ്ങൾ ചില പ്രവർത്തകർ ഉയർത്തി, താൻ തൻ്റെ വീട്ടിലേക്ക് മടങ്ങുമ്പോൾ, 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന മുദ്രാവാക്യം ആരോ ഉയർത്തി എന്ന് മാധ്യമങ്ങൾ പറഞ്ഞു. ആളുകൾക്കിടയിൽ, ധാരാളം മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ പാക്കിസ്ഥാൻ സിന്ദാബാദ്' എന്ന മുദ്രാവാക്യം താൻ കേട്ടിട്ടില്ല. അത്തരം മുദ്രാവാക്യം ആരെങ്കിലും ഉയർത്തിയിട്ടുണ്ടെങ്കിൽ കർശനമായും നിയമപ്രകാരം നേരിടേണ്ടിവരുമന്നും അതിനാൽ അന്വേഷണത്തിനായി കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.