ബെംഗളുരു: ജര്‍മനിയില്‍ നിന്ന് ബെംഗളുരുവില്‍ മടങ്ങിയെത്തിയ പുറത്താക്കപ്പെട്ട ജെഡിഎസ് നേതാവും എംപിയുമായ പ്രജ്വല്‍ രേവണ്ണയെ അറസ്റ്റ് ചെയ്യാന്‍ വിമാനത്താവളത്തില്‍ കാത്ത് നിന്നത് വനിത ഉദ്യോഗസ്ഥര്‍. കര്‍ണാടക പൊലീസിലെ ഐപിഎസുകാരടക്കമുള്ള വനിത ഉദ്യോഗസ്ഥരാണ് പ്രജ്വലിനെ അറസ്റ്റ് ചെയ്‌തത്. യൂണിഫോമിലായിരുന്നില്ല ഈ ഉദ്യോഗസ്ഥര്‍ എന്നതും ശ്രദ്ധേയമായി.
നിരവധി പേരാണ് പ്രജ്വലിനെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്ത് എത്തിയിട്ടുള്ളത്. ഇത് പാര്‍ട്ടിയെ മാത്രമല്ല പ്രജ്വലിന്‍റെ മുത്തച്ഛനായ മുന്‍ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയെ പോലും ഞെട്ടിച്ചു. പിന്നാലെ രാജ്യത്ത് മടങ്ങി വന്ന് അന്വേഷണം നേരിടണമെന്ന് പേരക്കിടാവിനോട് അദ്ദേഹം കര്‍ശന നിര്‍ദേശവും നല്‍കി.
അന്വേഷണത്തില്‍ താനോ തന്‍റെ കുടുംബമോ ഇടപെടില്ലെന്നും ദേവഗൗഡ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ലൈംഗിക പീഡന കേസുകളാണ് പ്രജ്വലിനെതിരെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. നിരവധി സ്‌ത്രീകളെ പ്രജ്വല്‍ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
ഹാസനില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഇക്കുറിയും 33-കാരനായ പ്രജ്വല്‍ മത്സര രംഗത്ത് ഉണ്ടായിരുന്നു. ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ മാസം 27നാണ് പ്രജ്വല്‍ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കടന്നത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ മടങ്ങിയെത്തിയത്.
മ്യൂണിക്കില്‍ നിന്ന് ബെംഗളുവില്‍ വിമാനമിറങ്ങിയ ഉടന്‍ തന്നെ ഇയാളെ വനിതാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരായ സുമന്‍ ഡി പെന്നൈക്കര്‍, സീമ ലട്‌കര്‍ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. പിന്നീട് വനിത പൊലീസുകാര്‍ മാത്രമുള്ള ജീപ്പില്‍ കയറ്റി ഇയാളെ സിഐഡി ഓഫീസിലേക്ക് കൊണ്ടുപോയി.
ബോധപൂര്‍വമാണ് ഇത്തരത്തില്‍ വനിത ഉദ്യോഗസ്ഥരെ തന്നെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ നിയോഗിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത് ജെഡിഎസ് എംപിക്കുള്ള ശക്തമായ ഒരു സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇയാള്‍ അധികാരവും പദവിയും സ്‌ത്രീകളെ ചൂഷണം ചെയ്യാനായി ഉപയോഗിച്ചു. അത് കൊണ്ട് സ്‌ത്രീകള്‍ക്ക് അയാളെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും ഉണ്ട്. വനിത ഉദ്യോഗസ്ഥര്‍ക്ക് ആരെയും ഭയമില്ലെന്ന സന്ദേശമാണ് ഈ നടപടിയിലൂടെ ഇരകള്‍ക്ക് തങ്ങള്‍ നല്‍കുന്നതെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക കോടതി ഈ മാസം പതിനെട്ടിനാണ് പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. ഇയാളുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കും പോലെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം ബോധിപ്പിക്കണമെന്ന് വിദേശകാര്യമന്ത്രാലയം പ്രജ്വലിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റും രാഷ്‌ട്രീയ ഗൂഢാലോചനയുമാണെന്നാണ് പ്രജ്വലിന്‍റെ വിശദീകരണം. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് തനിക്ക് കടുത്ത വിഷാദാവസ്ഥയുണ്ടായെന്നും നേരത്തെ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ ഇയാള്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ ജനപ്രതിനിധികള്‍ക്ക് വേണ്ടിയുള്ള പ്രിന്‍സിപ്പല്‍ സിറ്റി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
ഇന്ന് ഹര്‍ജി പരിഗണിക്കാനിരുന്നതാണ്. എന്നാല്‍ ഇതിന് മുമ്പ് തന്നെ പ്രത്യേക അന്വേഷണസംഘം ഹര്‍ജിയെ എതിര്‍ത്തു. അതേസമയം വലിയ രാഷ്‌ട്രീയ കൊടുങ്കാറ്റാണ് ലൈംഗികാരോപണം ഇളക്കിവിട്ടിരിക്കുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപി-ജെഡിഎസ് സഖ്യവും തമ്മിലുള്ള ഏറ്റുമുട്ടലായി ഇത് പരിണമിച്ചിരിക്കുന്നത്. അതിനിടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ നടത്തണമെന്ന് എന്‍ഡിഎ പങ്കാളികളായ ബിജെപിയും ജെഡിഎസും ആവശ്യപ്പെട്ടു. അശ്ലീല വീഡിയോ പ്രചരിച്ചതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പ്രജ്വല്‍ ഉള്‍പ്പെട്ട ലൈംഗിക ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവുകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്ത് വന്നത്. ഏപ്രില്‍ 26-ന് തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അശ്ലീല ദൃശ്യങ്ങള്‍ പ്രചരിച്ചത്.