ബെംഗളുരു: ബലാത്സംഗ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ജെഡിഎസ് നേതാവ് പ്രജ്വല്‍ രേവണ്ണ മ്യൂണിക്കില്‍ നിന്ന് ബെംഗളുരുവിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്‌തു. ഈ മാസം മുപ്പതിനുള്ള ടിക്കറ്റാണ് ഇയാള്‍ ബുക്ക് ചെയ്‌തിട്ടുള്ളത്.
വിമാനത്താവളത്തില്‍ ഇറങ്ങിയാലുടന്‍ തന്നെ പ്രജ്വലിനെ അറസ്‌റ്റ് ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഉദ്ദേശ്യം. മെയ് 31ന് അര്‍ദ്ധരാത്രിയോടെയാകും ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയുടെ ചെറുമകനായ പ്രജ്വല്‍ രേവണ്ണ (33) വിമാനത്താവളത്തിലിറങ്ങുക. അന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരിക്കും കെംപഗൗഡ വിമാനത്താവളം.
ഹസന്‍ മണ്ഡലത്തിലെ എംപിയും വീണ്ടും ഇവിടെ നിന്ന് ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥിയുമാണ് പ്രജ്വല്‍. ഇയാളുടെ ലൈംഗിക പീഡന ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിടണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് സംസ്ഥാന വനിത കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. നിരവധി സ്‌ത്രീകള്‍ ലൈംഗിക പീഡനത്തിനിരയാകുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
എന്നാല്‍ ഇതുവരെ രണ്ട് സ്‌ത്രീകള്‍ മാത്രമേ പ്രജ്വലിനെതിരെ പരാതി നല്‍കിയിട്ടുള്ളൂ. രണ്ട് ദിവസം മുമ്പ് ഇയാള്‍ പുറത്ത് വിട്ട വീഡിയോയില്‍ മെയ് 31ന് മുമ്പ് താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് വ്യക്തമാക്കിയിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ രണ്ട് തവണ ഇയാള്‍ ജര്‍മ്മനിയില്‍ നിന്നുള്ള വിമാനടിക്കറ്റ് റദ്ദാക്കിയിരുന്നു.
കഴിഞ്ഞ ദിവസം പ്രജ്വലിന്‍റെ ഹസനിലെ വസതിയില്‍ പ്രത്യേക അന്വേഷണ സംഘം തെരച്ചില്‍ നടത്തിയിരുന്നു. രാത്രി വരെ പരിശോധന നീണ്ടു. ചില അനധികൃത വസ്‌തുക്കള്‍ പിടിച്ചെടുത്തതായി സംഘം വ്യക്തമാക്കിയിട്ടുണ്ട്.