ബെംഗളൂരു: ലൈംഗിക പീഡന പരാതിയില്‍ അറസ്‌റ്റിലായ മുൻ എംപി പ്രജ്വല്‍ രേവണ്ണയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പ്രജ്വലിനെ കോടതിയില്‍ ഹാജരാക്കുന്നത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പായി കഴിഞ്ഞ ദിവസം പ്രജ്വല്‍ രേവണ്ണയെ പൊട്ടൻസി ടെസ്‌റ്റിനും പതിവ് പരിശോധനയ്ക്കും വിധേയനാക്കിയിരുന്നു.
ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിൽ വച്ചായിരുന്നും പരിശോധന. കോടതിയിൽ നിന്നും അനുമതി ലഭിച്ച ശേഷമായിരുന്നു പ്രജ്വല്‍ രേവണ്ണയെ എസ്ഐടി ഉദ്യോഗസ്ഥർ ബൗറിങ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബുധനാഴ്‌ച രാവിലെ 11 മണിയോടെ ആശുപത്രിയില്‍ എത്തിച്ച പ്രജ്വലിനെ വിദഗ്‌ധ സംഘത്തിന്‍റെ നേതൃത്വത്തിലാണ് വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കിയത്.
ബീജത്തിൻ്റെയും രക്തത്തിൻ്റെയും സാമ്പിളുകൾ ശേഖരിക്കുന്നതിനും ലൈംഗിക പ്രവർത്തനങ്ങൾ നടത്താനുള്ള കഴിവ് ഉറപ്പാക്കുന്നതിനുമാണ് പൊട്ടൻസി ടെസ്റ്റ് നടത്തുന്നത്. ഒരാഴ്‌ചയ്‌ക്കകം ആയിരിക്കും പരിശോധന ഫലം അന്വേഷണ സംഘത്തിന് ലഭിക്കുക എന്നാണ് പുറത്തുവരുന്ന വിവരം. പരിശോധനയ്‌ക്ക് പിന്നാലെ സിഐഡി ഓഫിസില്‍ എത്തിച്ച് അന്വേഷണ സംഘം പ്രജ്വലിനെ ചോദ്യം ചെയ്‌തിരുന്നു.
നേരത്തെ, രണ്ട് ദിവസം മുന്‍പും പരിശോധനകള്‍ക്കായി പ്രജ്വലിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചില ടെസ്റ്റുകള്‍ക്ക് നിയമപരമായ തടസങ്ങള്‍ നേരിട്ടതിനെ തുടർന്ന് അന്ന് പരിശോധന നിര്‍ത്തിവയ്‌ക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണസംഘം വീണ്ടും കോടതിയെ സമീപിച്ചത്.
പരിശോധനകള്‍ക്ക് കോടതി അനുമതി ലഭിച്ചതിന് പിന്നാലെ ബൗറിങ് ആശുപത്രി മേധാവി വിദഗ്‌ധ ഡോക്‌ടർമാരുടെ ഒരു സംഘത്തെ വൈദ്യപരിശോധനയ്ക്കായി രൂപീകരിക്കുകയായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം മുഴുവൻ ടെസ്റ്റും നടന്നത്.
Also Read:' ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇന്ത്യ സഖ്യം പോരാട്ടം തുടരും'; മല്ലികാർജുൻ ഖാർഗെ