മുംബൈ: മഹാരാഷ്‌ട്രയില്‍ മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ജുവനൈൽ ജസ്റ്റിസ് ആക്‌ട് 75, 77 വകുപ്പുകൾ പ്രകാരമാണ് പിതാവിനെതിരെ കേസെടുത്തത്. ഇന്ന് (മെയ് 21) രാവിലെ ഛത്രപതി സംഭാജി നഗറില്‍ വച്ചാണ് പിതാവ് അറസ്റ്റിലായത്.
പിതാവിന് പുറമെ പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് മദ്യം നല്‍കിയതിന് ബാര്‍ ഉടമയ്‌ക്കും ജീവനക്കാര്‍ക്കും എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്‌ച (മെയ് 19) പുലര്‍ച്ചെ പൂനെയിലെ കല്ല്യാണി നഗറിലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച 17കാരന്‍ ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ യുവാക്കള്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മദ്യപ്രദേശ് സ്വദേശികളായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് മരിച്ചത്. യുവാക്കളെ ഇടിച്ചിട്ട കാര്‍ റോഡിലെ നടപ്പാതയില്‍ ഇടിച്ചാണ് നിന്നത്. സംഭവത്തിന് പിന്നാലെ 17കാരനെ നാട്ടൂകാര്‍ പിടികൂടിയാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ 17കാരനെ മണിക്കൂറുകള്‍ക്ക് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
'17കാരന്‍റെ പിതാവിനെ ഛത്രപതി സംഭാജി നഗറില്‍ നിന്നും അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്ന്' പൊലീസ് കമ്മിഷണർ അമിതേഷ് കുമാർ പറഞ്ഞു. ഇയാളെ പൂനെയിലെത്തിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.