ന്യൂഡൽഹി : നടി പൂനം പാണ്ഡെയെ (Poonam Pandey) സെർവിക്കൽ കാൻസർ ബോധവത്കരണ കാമ്പയിൻ (cervical cancer awareness) അംബാസിഡർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന വാർത്തകൾ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സെർവിക്കൽ കാൻസർ ബാധിച്ച് മരണത്തിന് കീഴടങ്ങി എന്ന തരത്തിൽ പൂനം പാണ്ഡെ സമൂഹ മാധ്യമങ്ങൾ വഴി വ്യാജ വാർത്ത പ്രചരിപ്പിക്കുകയും പിന്നീട് താൻ മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തുകയും ചെയ്‌തിരുന്നു. സെർവിക്കൽ കാൻസറിനെ കുറിച്ചുള്ള ബോധവത്കരണത്തിന്‍റെ ഭാഗമായാണ് മരണവാർത്ത പ്രചരിപ്പിച്ചതെന്നായിരുന്നു താരത്തിന്‍റെ വിശദീകരണം.
തുടർന്ന് കേന്ദ്രസര്‍ക്കാരിന്‍റെ സെർവിക്കൽ കാൻസർ ബോധവത്കരണ കാമ്പയിന്‍റെ മുഖമായി നടി എത്തുമെന്ന വാര്‍ത്തകളും പുറത്തുവന്നു. എന്നാൽ ഈ വാർത്ത വ്യാജമാണെന്നും പൂനം പാണ്ഡെയെ സെർവിക്കൽ കാൻസർ ബോധവത്കരണ കാമ്പയിൻ അംബാസിഡർ സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്നും വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിൽ പൂനം പാണ്ഡെ കടുത്ത വിമർശനമാണ് ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നത്.
സിനിമ-സീരിയല്‍ രംഗത്തെ താരങ്ങളടക്കം നിരവധി പേർ പൂനം പാണ്ഡെയെ രൂക്ഷമായി വിമര്‍ശിച്ചു. സെർവിക്കൽ കാൻസർ മൂലം പൂനം പാണ്ഡെ മരിച്ചതായുള്ള വിവരം താരത്തിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഫെബ്രുവരി 02നാണ് പുറത്തുവന്നത്. തുടർന്ന് ഫെബ്രുവരി 03ന് താൻ മരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി താരം അതേ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു.
സെർവിക്കൽ കാൻസറിനെക്കുറിച്ച് അവബോധം സൃഷ്‌ടിക്കാനുള്ള കാമ്പയിന്‍റെ ഭാഗമായി ആസൂത്രണം ചെയ്‌തതായിരുന്നു വ്യാജ മരണ വാർത്ത. സെർവിക്കൽ കാൻസറിനെക്കുറിച്ച് ആരും വേണ്ടത്ര സംസാരിക്കുന്നില്ല. നൂറുകണക്കിന് ആളുകളുടെ ജീവൻ കവരുന്ന ഈ അസുഖത്തെക്കുറിച്ച് കൂടുതൽ ആളുകൾ ബോധവാന്മാരാകാൻ വേണ്ടിയാണ് ഇങ്ങനെയൊരു കാമ്പയിൻ നടത്തിയത്. ഇത് പ്രചരിപ്പിച്ചതിനും ആരാധകരെ വിഷമിപ്പിച്ചതിനും മാപ്പ് ചോദിക്കുന്നതായും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.