ന്യൂഡൽഹി : സമ്മർദത്തിന് വഴങ്ങി ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ മറക്കരുതെന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള മുഴുവൻ ഉദ്യോഗസ്ഥരോടും അഭ്യർഥിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ സംഘം സർക്കാർ രൂപീകരിച്ചാൽ ഭരണഘടന സത്യപ്രതിജ്ഞയെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിൻ്റെ എക്‌സ് പോസ്റ്റ് പങ്കുവച്ചായിരുന്നു കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം.
ഒരു വ്യക്തി 'എട്ട് തവണ' ബിജെപിക്ക് വോട്ട് ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്‌തിരുന്നു. പരാജയം മുന്നിൽക്കണ്ട് ജനവിധി നിഷേധിക്കാൻ സർക്കാർ സംവിധാനത്തിൽ സമ്മർദം ചെലുത്തി ജനാധിപത്യം കൊള്ളയടിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് ഈ പോസ്റ്റ് പങ്കുവച്ചുകൊണ്ട് രാഹുൽ ഗാന്ധി കുറിച്ചു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അധികാരത്തിൻ്റെ സമ്മർദത്തിന് മുന്നിൽ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ മറക്കരുതെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അല്ലാത്തപക്ഷം, ഇന്ത്യ ബ്ലോക്കിൻ്റെ സർക്കാർ രൂപീകരിച്ചാലുടൻ, ഭരണഘടനയുടെ സത്യപ്രതിജ്ഞയെ അപമാനിക്കുന്നതിന് മുമ്പ് 10 തവണ ചിന്തിക്കുന്ന തരത്തിലുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബിജെപിയുടെ ബൂത്ത് കമ്മിറ്റി യഥാർഥത്തിൽ ഒരു കൊള്ള കമ്മിറ്റിയാണെന്ന് കുറിച്ചായിരുന്നു സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കള്ളവോട്ട് വീഡിയോ തൻ്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവച്ചത്. 'ഇത് തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ കരുതുന്നുവെങ്കിൽ എന്തെങ്കിലും നടപടിയെടുക്കണ'മെന്നും അദ്ദേഹം പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു.
ALSO READ: 'ബിജെപിയുടെ ഉത്തർപ്രദേശിലെ വിജയം ഒരു സീറ്റിലൊതുങ്ങും': രാഹുൽ ഗാന്ധി