ചണ്ഡീഗഡ്: ഗുണ്ടാസംഘവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പൊലീസുകാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഹെഡ് കോൺസ്‌റ്റബിളായ അമൃതപാൽ സിങ്ങാണ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. ഹോഷിയാർപൂരിലെ മൻസൂർ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടലിൽ ഗുണ്ടാസംഘത്തിലുള്ളവർക്കും പരിക്കേറ്റു.
റാണ മൻസൂർപൂരിയ എന്നയാളുടെ വീട്ടിൽ ആയുധശേഖരണം നടത്തുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് റെയ്‌ഡിനായി എത്തിയ പൊലീസിന് നേരെ ഗുണ്ടാസംഘം വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെ റാണ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
അതേസമയം ഗുണ്ടകളെ പിടികൂടുന്നതിനായി പ്രദേശം മുഴുവൻ വളഞ്ഞ് വ്യാപക തെരച്ചിൽ നടത്തുകയാണ് പൊലീസ്. സംഭവസ്ഥലത്തു നിന്ന് പൊലീസ് പത്തോളം ഷെല്ലുകൾ കണ്ടെടുത്തു. ഗുണ്ടാസംഘത്തിനെതിരെ ആയുധക്കടത്ത് ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്‌റ്റർ ചെയ്‌തതായി പൊലീസ് പറഞ്ഞു.