ബെംഗളൂരു : പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ചന്നഗിരി പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയ ജനം വാഹനങ്ങള്‍ക്ക് തീയിടുകയും ഓഫിസിലെ സാധനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്‌തു. ഇന്നലെ (മെയ് 24) പൊലീസ് കസ്റ്റഡിയിലെടുത്ത ആദില്‍ (30) എന്ന യുവാവാണ് മരിച്ചത്.
ചൂതാട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ചാണ് പൊലീസ് ആദിലിനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ തുടര്‍ന്ന യുവാവിന്‍റെ ആരോഗ്യ സ്ഥിതി വഷളാവുകയും രാത്രിയോടെ മരിക്കുകയുമായിരുന്നു. മരണ വാര്‍ത്ത അറിഞ്ഞതോടെയാണ് ആദിലിന്‍റെ കുടുംബവും നാട്ടുകാരും ചേര്‍ന്ന് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. പൊലീസിന്‍റെ മര്‍ദനമേറ്റാണ് ആദില്‍ കൊല്ലപ്പെട്ടതെന്ന് കുടുംബം ആരോപിച്ചു.
അതേസമയം യുവാവിനെ മര്‍ദിച്ചിട്ടില്ലെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണ കാരണം വ്യക്തമാകൂവെന്നും എസ്‌പി അറിയിച്ചു. സ്റ്റേഷനില്‍ എത്തിച്ച് ആറ്, ഏഴ് മിനിറ്റിനുള്ളില്‍ തന്നെ യുവാവ് മരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായും പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും ദാവൻഗെരെ പൊലീസ് സൂപ്രണ്ട് ഉമ പ്രശാന്ത് അറിയിച്ചു. സംഭവത്തിന് പിന്നാലെ ചന്നഗിരിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.
Also Read: പന്തീരങ്കാവ് കെഎസ്‌ഇബിയുടെ ബോർഡ് തകർത്ത സംഭവം; നാലുപേർ അറസ്‌റ്റിൽ