സോലാപൂർ (മഹാരാഷ്‌ട്ര) : മഹാരാഷ്‌ട്രയില്‍ മയക്കുമരുന്ന് ഡ്രൈവില്‍ സോലാപൂർ ലോക്കൽ ക്രൈംബ്രാഞ്ച് പൊലീസ് 1.36 കോടി രൂപ വിലമതിക്കുന്ന 459 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഒഡിഷയിൽ നിന്ന് കടത്തിയ 459 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. കേസിൽ പ്രതികളെന്ന് സംശയിക്കുന്ന ആറ് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തുവെന്ന് പൊലീസ് സൂപ്രണ്ട് ശിരീഷ് സർദേശ് പാണ്ഡെ പറഞ്ഞു.
അഡിഷണൽ എസ്‌പി പ്രീതം യവാൽക്കറും പൊലീസ് ഇൻസ്പെക്‌ടർ സൂരജ് നിംബാൽക്കറും ബുധനാഴ്‌ച (21-02-2024) നടത്തിയ വാർത്താസമ്മേളനത്തില്‍ എംഡി ഡ്രഗ്‌സിന്‍റെ ഓപ്പറേഷനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ നൽകിയിരുന്നു. സോളാപൂർ ജില്ല, കർണാടക-തെലങ്കാന സംസ്ഥാനങ്ങളുടെ അതിർത്തിയായതിനാൽ സോളാപൂരിലെ കഞ്ചാവ് കടത്തുകാരാണ് പൊലീസിന്‍റെ വലയിലായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സോളാപൂർ, മുംബൈ, നാസിക് പൊലീസുകാര്‍ എംഡി ഡ്രഗ് ഫാക്‌ടറികൾ നശിപ്പിച്ചുവെന്നും അവർ കൂട്ടിച്ചേര്‍ത്തു.
സോലാപൂർ റൂറൽ പൊലീസ് ഫോഴ്‌സിന്‍റെ ലോക്കൽ ക്രൈം ബ്രാഞ്ചിൽ നിന്നുള്ള പൊലീസ് ജനുവരി മുതൽ ഫെബ്രുവരി വരെ രണ്ട് ഓപ്പറേഷനുകളാണ് ഇതുമായി ബന്ധപ്പെട്ട് നടത്തിയതെന്നും അവര്‍ പറഞ്ഞു. ഫെബ്രുവരി 19 ന് സോലാപൂർ താലൂക്ക് പൊലീസ് സ്‌റ്റേഷൻ ഏരിയയിൽ നിന്ന് ആന്ധ്രപ്രദേശിലെ ബാരാമതിയിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. സോലാപൂർ പൂനെ ഹൈവേയ്‌ക്കടുത്തുള്ള കൊണ്ടി ഗ്രാമത്തിന് സമീപം ഒരു പിക്ക്-അപ്പ് വാഹനം (MH 42 BF 1926) പൊലീസ് ഇൻസ്പെക്‌ടർ നിംബാൽക്കർ, ധനഞ്ജയ് പോർ എന്നിവരുടെ സംഘം പിടിച്ചെടുത്തിരുന്നു.
തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ 459 കിലോഗ്രാം ഭാരമുള്ള കഞ്ചാവ് പൊലീസ് പിടികൂടി. 1,00,46,900 രൂപ വില വരുന്ന കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. കഞ്ചാവ് കടത്താൻ ശ്രമിച്ച അൽതാഫ് യൂനുസ് ഇനാംദാർ (38), ജമീർ ഇബ്രാഹിം ഷെയ്ഖ് (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ജനുവരിയിൽ തെംബുർണി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കഞ്ചാവ് കടത്തുന്നതിനിടെ മോഡ്‌നിംബിൽ നിന്ന് ജാദവ്‌വാദി റോഡിൽ വച്ച് രണ്ട് ഫോർ വീലറുകൾ ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടിയിരുന്നു. ഇരു വാഹനങ്ങളിൽ നിന്നും 105 കിലോ 380 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 36,36,600 രൂപ വില വരുന്ന കഞ്ചാവാണ് അന്ന് പിടിച്ചെടുത്തത്. കാദിർ ആസിഫ് പത്താൻ (38), പ്രകാശ് സന്തോഷ് ബർതക്കെ (27), സന്തോഷ് തുക്കാറാം കദം (43), ഋഷികേശ് അഥവ ബാപ്പു ദേവാനന്ദ് ഷിൻഡെ (27) എന്നിവരെയാണ് പൊലീസ് അന്ന് അറസ്‌റ്റ് ചെയ്‌തത്.