ബീർഭും: പശ്ചിമ ബംഗാളിനെ കശ്‌മീരുമായി താരതമ്യം ചെയ്‌ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ അധ്യാപക നിയമന അഴിമതി വിഷയത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ തീവ്രവാദികളുടെ കൈകളിൽ നിന്ന് രക്ഷിക്കാൻ കശ്‌മീരിലെ നേതാക്കൾക്ക് ഒന്നിക്കാന്‍ കഴിയുമെന്നും എന്നാൽ അധ്യാപക നിയമനത്തിൽ അഴിമതി നടത്തി തൃണമൂൽ കളിക്കുന്നത് കുട്ടികളുടെ ഭാവി വെച്ചാണ് എന്നും മോദി പറഞ്ഞു.
അഴിമതിക്കാരെ വെറുതെ വിടില്ലെന്നും മോദി അമദ്‌പൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. ബിർഭൂമിലെ രണ്ട് മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാർഥികളായ പിയ സാഹയ്ക്കും ദേബതനു ഭട്ടാചാര്യയ്ക്കും വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു മോദി.
നവ ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കുമെന്ന് മോദി പറഞ്ഞു. കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൃഷ്‌ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. രാജ്യത്തെ കുട്ടികൾ വിദ്യാഭ്യാസത്തിനായി അങ്ങോട്ടും ഇങ്ങോട്ടും അലയുന്നത് കാണാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അഴിമതി നടത്തുന്നതില്‍ തൃണമൂൽ നേതാക്കൾ റെക്കോർഡ് സൃഷ്‌ടിച്ചു. സാധ്യമായ എല്ലാ രീതിയിലും അവര്‍ നിങ്ങളെ കൊള്ളയടിച്ചു എന്നും മോദി പറഞ്ഞു.
കശ്‌മീരിൽ നേരത്തെ തീവ്രവാദികൾ സ്‌കൂളുകൾ കത്തിച്ചിരുന്നു. ഇന്ന് അവിടെയുള്ള എല്ലാ നേതാക്കളും തങ്ങളുടെ കുട്ടികളുടെ ഭാവിയെ ഓര്‍ത്ത് ഒത്ത് ചേർന്നു. കശ്‌മീൽ സ്‌കൂൾ കത്തിക്കുന്ന സംഭവം ഇപ്പോൾ ഇല്ല. ഇവിടെ അഴിമതി കാണിച്ച് തൃണമൂൽ അധ്യാപകർ കളിച്ചത് നിങ്ങളുടെ മക്കളുടെ ഭാവി വെച്ചാണ്. നിങ്ങളുടെ കുട്ടികളുടെ ഭാവിവെച്ച് കളിക്കുന്നവരോട് നിങ്ങൾ ക്ഷമിക്കുമോ എന്നും മോദി ചോദിച്ചു.