ന്യൂഡൽഹി: ഇന്ത്യ ഒരു മതേതര സിവിൽ കോഡിലേക്ക് നീങ്ങേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മതവിവേചനത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുക എന്നതാണ് ഏകീകൃത സിവില്‍ കോഡിന്‍റെ ഉദ്ദേശമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവേയാണ് മോദിയുടെ പരാമര്‍ശം.
യുസിസിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വീണ്ടും ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും പലതവണ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച നടത്താന്‍ മോദി ആഹ്വാനം ചെയ്യുകയും നിർദേശങ്ങൾ നൽകാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്‌തു.
നമ്മൾ ജീവിക്കുന്നത് ഒരു വിധത്തിൽ വർഗീയ സിവിൽ കോഡിലാണെന്നും അത് വിവേചനപരമായ സിവിൽ കോഡാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മതത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുകയും വിവേചനത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന നിയമങ്ങൾക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നും മോദി പറഞ്ഞു. രാജ്യത്ത് ഒരു മതേതര സിവിൽ കോഡ് ഉണ്ടാകേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശ് ആശങ്ക
ഒരു അയൽരാജ്യമെന്ന നിലയിൽ ബംഗ്ലാദേശിൽ എന്ത് സംഭവിച്ചാലും അത് ആശങ്ക ജനിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവിടെ സ്ഥിതിഗതികൾ എത്രയും വേഗം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.
അവിടെയുള്ള ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ 140 കോടി ജനങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. അയൽരാജ്യങ്ങൾ ഐശ്വര്യത്തിന്‍റെയും സമാധാനത്തിന്‍റെയും പാതയിലൂടെ സഞ്ചരിക്കാനാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്ത് 75,000 മെഡിക്കല്‍ സീറ്റുകള്‍
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ മെഡിക്കൽ സീറ്റുകൾ 75,000 ആയി വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കഴിഞ്ഞ ദശകത്തിൽ സർക്കാർ മെഡിക്കൽ സീറ്റുകൾ ഒരു ലക്ഷത്തോളമായി വർധിപ്പിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. എന്നാൽ ഇപ്പോഴും ഓരോ വർഷവും 25,000 വിദ്യാർഥികൾ മെഡിക്കൽ പഠനത്തിനായി വിദേശത്തേക്ക് പോകുന്നുണ്ടെന്ന് മോദി എടുത്തുപറഞ്ഞു.
മെഡിക്കൽ സീറ്റുകൾ ഇനിയും വർധിപ്പിക്കാനുള്ള തീരുമാനം ഈ വിദ്യാർഥികളെ സഹായിക്കുമെന്നും മോദി വിശദീകരിച്ചു. 2047-ലെ വികസിത് ഭാരത് ആരോഗ്യകരമായ ഭാരത് ആകണമെന്നും മോദി പറഞ്ഞു. അത് നേടിയെടുക്കാൻ രാജ്യം കുട്ടികളുടെ പോഷകാഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അതിനാൽ വികസിത് ഭാരതിന്‍റെ ആദ്യ ഘട്ടമായി പോഷകാഹാര കാമ്പയിൻ ആരംഭിച്ചെന്നും മോദി അറിയിച്ചു.
ഗെയിമിങ് മേഖലയില്‍ മുദ്ര പതിപ്പിക്കണം
മെയിഡ് ഇന്‍ ഇന്ത്യ ഗെയിമിങ് ഉത്പന്നങ്ങള്‍ക്ക് വേണ്ടി ഇന്ത്യയുടെ സമ്പന്നമായ പുരാതന പൈതൃകവും സാഹിത്യവും പ്രയോജനപ്പെടുത്തണമെന്ന് മോദി പറഞ്ഞു. ഇന്ത്യൻ പ്രൊഫഷണലുകൾ ആഗോള ഗെയിമിങ് വിപണിയെ നയിക്കുന്ന സാഹചര്യമുണ്ടാകണമെന്നും മോദി പറഞ്ഞു. ഗെയിം കളിക്കുന്നതിൽ മാത്രമല്ല, ഗെയിമുകൾ നിർമ്മിക്കുന്നതിലും ഇന്ത്യൻ ഗെയിമുകൾ ലോകമെമ്പാടും തങ്ങളുടെ മുദ്ര പതിപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read : 'ബംഗ്ലാദേശിൽ ഹിന്ദുക്കള്‍ അകാരണമായി അക്രമം നേരിടുന്നു': ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്