ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ ഡ്രോണുകളുടെ ഉപയോഗത്തിന് നിയന്ത്രണം. ശ്രീനഗറിനെ താല്‍ക്കാലിക റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡ്രോണുകളുടെ അനധികൃത ഉപയോഗത്തിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
അന്താരാഷ്‌ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി മോദി നാളെയാണ് ശ്രീനഗറിലെത്തുന്നത്. വെള്ളിയാഴ്‌ച (ജൂൺ 21) രാവിലെ എസ്‌കെഐസിസിയിൽ നടക്കുന്ന അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന്‍റെ പ്രധാന പരിപാടിക്ക് അദ്ദേഹം നേതൃത്വം നൽകും. പ്രധാനമന്ത്രിയായി മൂന്നാം തവണയും ചുമതലയേറ്റതിന് ശേഷമുള്ള മോദിയുടെ ആദ്യ കശ്‌മീര്‍ സന്ദര്‍ശനം കൂടിയാണ് ഇത്.
അന്താരാഷ്‌ട്ര യോഗ ദിനാചരണം വെള്ളിയാഴ്‌ച ശ്രീനഗറിലെ ഷേർ-ഇ-കശ്‌മീർ ഇന്‍റർനാഷണൽ കോൺഫറൻസ് സെന്‍ററിൽ (എസ്‌കെഐസിസി) നടക്കുമെന്ന് ആയുഷ് മന്ത്രി പ്രതാപറാവു ജാദവ് പറഞ്ഞു. 'തനിക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ', എന്നതാണ് അന്താരാഷ്‌ട്ര യോഗ ദിനത്തിന്‍റെ ഈ വർഷത്തെ പ്രമേയം. സമൂഹത്തിന്‍റെ വ്യക്തിത്വവും ക്ഷേമവും വർധിപ്പിക്കുന്നതിൽ യോഗയുടെ പങ്കിനെ ഇത് സൂചിപ്പിക്കുന്നുവെന്ന് ഈ വർഷത്തെ പ്രമേയം എടുത്ത് കാണിച്ച് പ്രതാപറാവു ജാദവ് വ്യക്തമാക്കി.
വ്യക്തി ക്ഷേമത്തിനപ്പുറം വ്യാപിച്ചുകിടക്കുന്ന ഒരാളുടെ ആന്തരികവും ബാഹ്യലോകവും തമ്മിലുള്ള ബന്ധത്തെ ഈ തീം പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. 'യോഗ ശാരീരികവും മാനസികവും ആത്മീയവുമായ വളർച്ചയെ പരിപോഷിപ്പിക്കുന്നു, അതേസമയം ഇത് സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സമീപ വർഷങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ആവേശകരമായ പങ്കാളിത്തം സമൂഹങ്ങളിൽ യോഗയുടെ ആഴത്തിലുള്ള സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു' എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രാമീണ മേഖലകളിൽ യോഗ വ്യാപിപ്പിക്കുന്നതിൽ അടിസ്ഥാന ജനവിഭാഗങ്ങളുടെ പങ്കാളിത്തം ആഹ്വാനം ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി ഓരോ ഗ്രാമത്തലവന്മാർക്കും കത്തയച്ചതായും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി മോദിയുടെ അഭ്യര്‍ഥനയ്ക്ക് മറുപടിയായി, 2014 ഡിസംബറിൽ യുഎൻ ജനറൽ അസംബ്ലി ജൂൺ 21 അന്താരാഷ്‌ട്ര യോഗ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു.
ALSO READ : മോദിയുടെ സന്ദര്‍ശനം: കശ്‌മീരില്‍ സുരക്ഷ കര്‍ശനമാക്കി