വാരണാസി (ഉത്തർ പ്രദേശ് ): ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ വാരണാസി മണ്ഡലത്തില്‍ എൻഡിഎ സ്ഥാനാര്‍ഥിയായി മൂന്നാം വട്ടവും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11:40നാണ് മോദിയുടെ പത്രികാസമര്‍പ്പണം. ഗംഗ നദിയില്‍ മുങ്ങി കുളിച്ച് കാലഭൈരവനോട് പ്രാര്‍ഥിച്ച ശേഷമാകും പ്രധാനമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.
ബിജെപി ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നാമനിർദേശ പത്രിക സമർപ്പിക്കുന്ന വേദിയിൽ പ്രധാനമന്ത്രിയെ അനുഗമിക്കും. കൂടാതെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുൾപ്പെടെ നിരവധി കേന്ദ്രമന്ത്രിമാരും വിവിധ എൻഡിഎ സഖ്യകക്ഷികളുടെ അധ്യക്ഷന്മാരും ചടങ്ങിൽ പങ്കെടുക്കും.
പത്രിക സമർപ്പിക്കുന്നതിന് മുമ്പ്, പ്രധാനമന്ത്രി ദശാശ്വമേധ ഘട്ടിൽ ഗംഗയിൽ കുളിച്ച ശേഷം ഗംഗാദേവിയെ വണങ്ങുകയും ചെയ്യും. അതോടൊപ്പം പ്രധാനമന്ത്രി മോദി നമോ ഘട്ടും സന്ദർശിക്കും. അവിടെ നിന്ന് ബാബ കാലഭൈരവ ക്ഷേത്രത്തിൽ പ്രാർഥന നടത്തും. തുടർന്ന് പ്രധാനമന്ത്രി പത്രിക സമർപ്പിക്കാൻ കലക്‌ടറേറ്റിലെത്തും. പിന്നീട് കൺവെൻഷൻ സെന്‍ററിൽ പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്‌ച നടത്തിയേക്കും.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദിയോ സായ്, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, ത്രിപുര മുഖ്യമന്ത്രി മണിക് എന്നിവർ പത്രികാസമർപ്പണത്തിൽ പങ്കെടുക്കും.
രാഷ്‌ട്രീയ ലോക്‌ദൾ നേതാവ് ജയന്ത് ചൗധരി, ലോക് ജനശക്തി പാർട്ടി തലവൻ ചിരാഗ് പാസ്വാൻ, അപ്‌നാദൾപ്രസിഡന്‍റ് അനുപ്രിയ പട്ടേൽ, സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി പ്രസിഡന്‍റ് ഓം പ്രകാശ് രാജ്ഭർ എന്നിവരും മോദിയുടെ നാമനിർദേശ പത്രികാസമർപ്പണത്തില്‍ പങ്കെടുക്കും.