ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി സംവദിച്ചതിന് പിന്നാലെ യുക്രെയ്‌ന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി ഫോണില്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ യുക്രൈയ്‌ന്‍ സംഘര്‍ഷത്തെക്കുറിച്ചാണ് ഇരുനേതാക്കളും സംസാരിച്ചത്. കഴിഞ്ഞ ദിവസം പുടിനുമായി സംസാരിച്ചതിന് പിന്നാലെയാണ് ബുധനാഴ്‌ച (മാര്‍ച്ച് 19) പ്രധാനമന്ത്രി സെലന്‍സ്‌കിയുമായി സംഭാഷണം നടത്തിയത്.
പുടിനുമായി സംസാരിച്ച പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ വിജയിച്ച അദ്ദേഹത്തിന് അഭിനന്ദങ്ങളും അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനം നിലനിര്‍ത്തുന്നതിനെക്കുറിച്ചാണ് പ്രധാനമന്ത്രി ഇരുനേതാക്കളോടും സംസാരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘട്ടനങ്ങള്‍ അവസാനിപ്പിക്കണമെന്നും സമാധാനം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള മുഴുവന്‍ ശ്രമങ്ങള്‍ക്കും ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കണമെന്ന് പ്രധാനമന്ത്രി പുടിനോട് ആവശ്യപ്പെട്ടു. പ്രാദേശിക ആഗോള വിഷയങ്ങളെ സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്താമെന്ന് ഇരുനേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു.
യുദ്ധത്തിലകപ്പെട്ട് വലഞ്ഞ രാജ്യങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കുന്നത് ഇന്ത്യ ഇനിയും തുടരും. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമം തുടരുമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചതായും പ്രധാനമന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മധ്യസ്ഥ സ്ഥാനത്ത് നിന്ന് റഷ്യ യുക്രെയ്‌ന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞിരുന്നു.
പുടിന് ആശംസകള്‍: വീണ്ടും റഷ്യയില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച പുടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. റഷ്യയിലെ ജനങ്ങള്‍ക്ക് സമാധാനവും പുരോഗതിയും ഉണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.