ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ പൊതുജനങ്ങൾ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരായ രോഷമാകും പ്രകടിപ്പിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് നമോ ആപ്പ് വഴി സംസ്ഥാനത്തെ ബിജെപി പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. "ലോക്‌സഭ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബിജെപിയ്ക്ക് കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കുമെന്നാണ് എല്ലാ രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. തമിഴ്‌നാട്ടിലെ ഭരണകക്ഷിയോടുള്ള രോഷം തെരഞ്ഞെടുപ്പിൽ പുറത്തുവരും." പ്രധാനമന്ത്രി പറഞ്ഞു.
സമീപകാലത്തെ തന്‍റെ തമിഴ്‌നാട് സന്ദർശനത്തിനോടനുബന്ധിച്ച് പാർട്ടി പ്രവർത്തകർ നടത്തിയ കഠിനാധ്വാനത്തെ കുറിച്ചും അദ്ദേഹം പ്രശംസിച്ചു. തനിക്ക് ജനങ്ങളുടെ അനുഗ്രഹം ലഭിച്ചു. ഇത് വളരെയധികം സന്തോഷിപ്പിച്ചു. പൊതുജനങ്ങളിൽ നിന്നും ലഭിച്ച വലിയ പിന്തുണ തന്നെ ആശ്ചര്യപ്പെടുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാർട്ടി പ്രവർത്തകരുമായി സംവദിക്കുന്നതിടെ അദ്ദേഹം ഡിഎംകെയെ നിശിതമായി വിമർശിക്കുകയും ചെയ്‌തു. കേന്ദ്ര സർക്കാരിന്‍റെ ക്ഷേമ പദ്ധതികളിൽ നിന്ന് ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നത് എം കെ സ്‌റ്റാലിന്‍റെ പാർട്ടി തടസപ്പെടുത്തുന്നുവെന്നും നരേന്ദ്ര മോദി ആരോപിച്ചു.
മോദി സർക്കാരിന്‍റെ ക്ഷേമ പദ്ധതികളെ ഡിഎംകെ പോലുള്ള രാഷ്ട്രീയ പാർട്ടികൾ ഭയക്കുന്നു. അതുകൊണ്ടാണ് ഇത്തരം പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ അവർ തയ്യാറാകാത്തത്. മാത്രമല്ല മോദി സർക്കാരിന്‍റെ എല്ലാ പദ്ധതികളിലും അവർ അവരുടെ പദ്ധതി സ്‌റ്റിക്കറുകൾ ഒട്ടിക്കുന്നു. പ്രധാനമന്ത്രിയുടെ പദ്ധതികളെക്കുറിച്ചും അവയുടെ നേട്ടങ്ങളെ കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കണമെന്നും ബിജെപി പ്രവർത്തകരോട് മോദി അഭ്യർത്ഥിച്ചു.
Also Read: ദക്ഷിണേന്ത്യ പിടിക്കാന്‍ ബിജെപി; മൂന്ന് പടുകൂറ്റന്‍ റാലി, മുന്നില്‍ നിന്ന് മോദി