സഹറാൻപൂർ: ആർട്ടിക്കിൾ 370 റദ്ദാക്കുക എന്നത് ബിജെപിയുടെ ദൗത്യമായിരുന്നു, ദൗത്യം പൂർത്തിയാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഹറാൻപൂരിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
'ആർട്ടിക്കിൾ 370 റദ്ദാക്കുക എന്നത് ഞങ്ങളുടെ ദൗത്യമായിരുന്നു ആ ദൗത്യവും പൂർത്തിയായി. കാശ്‌മീരിൽ അവര്‍ എറിഞ്ഞ കല്ല് ശേഖരിച്ച് മോദി വികസിത് ജമ്മു കശ്‌മീർ നിർമ്മിക്കാൻ ആരംഭിച്ചു. ഇന്ന്, ഓരോ ഇന്ത്യക്കാരനും പറയുന്നു, 'നിയത് സഹി തോ നതീജെ സഹി' (ഉദ്ദേശം നല്ലതാണെങ്കില്‍ ഭലവും നന്നാകും).
ബിജെപി സർക്കാർ ഒരു വിവേചനവുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഞങ്ങളുടെ നയങ്ങൾ എല്ലാവരിലും എത്തണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇതിനായി ഞങ്ങൾ 10 വർഷം പ്രവർത്തിച്ചു. ഞങ്ങളുടെ മന്ത്രം 'സാച്ചുറേഷൻ' എന്നതാണ്, അതായത് ആളുകൾക്ക് 100% പ്രയോജനപ്പെടണം. അതാണ് യഥാർത്ഥ മതേതരത്വവും സാമൂഹിക നീതിയും-മോദി പറഞ്ഞു.
തങ്ങളുടെ പോരാട്ടം ശക്തിക്കെതിരെയാണെന്ന് ഇന്ത്യാ സഖ്യം വെല്ലുവിളിക്കുകയാണെന്നും ശക്തിയെ നശിപ്പിക്കാൻ ശ്രമിച്ച എല്ലാവർക്കും എന്താണ് സംഭവിച്ചതെന്ന് ചരിത്രത്തിലും പുരാണങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു. 'ഇത് മാ ശക്തിയുടെ സ്ഥലമാണ്. ശക്തിയെ ആരാധിക്കുന്നത് ഒരിക്കലും നിലയ്‌ക്കാത്ത രാജ്യമാണ് നമ്മുടേത്. എന്നാൽ തങ്ങളുടെ പോരാട്ടം ശക്തിക്കെതിരെയാണെന്ന് ഇന്ത്യാ സഖ്യകക്ഷികൾ വെല്ലുവിളിക്കുന്നത് രാജ്യത്തിന്‍റെ ദൗർഭാഗ്യമാണ്. അതിന് ശ്രമിച്ചവർക്കെല്ലാം എന്ത് സംഭവിച്ചുവെന്ന് ചരിത്രത്തിലും പുരാണങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ബിജെപി 370-ലധികം സീറ്റുകൾ നേടുന്നത് തടയാനാണ് പ്രതിപക്ഷ സഖ്യം പോരാടുന്നതെന്ന് മോദി പറഞ്ഞു. ഭരണകാലത്ത് കോൺഗ്രസിന്‍റെ ശ്രദ്ധ കമ്മീഷൻ പറ്റുന്നതിലായിരുന്നു. അധികാരത്തിലെത്തിയ ശേഷം കമ്മീഷൻ പറ്റാനാണ് ഇന്ത്യാ സഖ്യവും ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.
സമാജ്‌വാദി പാർട്ടി ഓരോ മണിക്കൂറിലും സ്ഥാനാർത്ഥികളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അതേസമയം കോൺഗ്രസിന് സ്ഥാനാർത്ഥികളെ കണ്ടെത്താൻ പോലും കഴിയാത്ത സ്ഥിതി. ശക്തികേന്ദ്രമെന്ന് കരുതുന്ന സീറ്റുകളിൽ പോലും സ്ഥാനാർത്ഥികളെ നിർത്താൻ കോൺഗ്രസിന് ധൈര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ മുസ്‌ലിം ലീഗിന്‍റെ മുദ്രയുണ്ടെന്നും, അതിന്‍റെ ഒരു ഭാഗം ഇടതുപക്ഷത്തിന്‍റെ ആധിപത്യമാണെന്നും മോദി പറഞ്ഞു. ഇന്ത്യാ സംഘം അസ്ഥിരതയുടെയും അനിശ്ചിതത്വത്തിന്‍റെയും പര്യായമായി മാറിയെന്നും രാജ്യത്തെ ജനങ്ങൾ അവരെ ഗൗരവമായി കാണുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.