ന്യൂഡൽഹി : പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിൻ്റെ സമാപനത്തോടെ ലോക്‌സഭ പിരിഞ്ഞു (17th Lok Sabha). പതിനേഴാം ലോക്‌സഭയുടെ അവസാനത്തെ നടപടിക്രമമായിരുന്നു ബജറ്റ് സമ്മേളനം. സർക്കാരിന്‍റെ അഞ്ചുവര്‍ഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം (PM Modi In Last Sitting Of 17th Lok Sabha).
പരിഷ്‌കാരത്തിൻ്റെയും പ്രകടനത്തിൻ്റെയും പരിവർത്തനത്തിൻ്റെയും കാലഘട്ടമായിരുന്നു കഴിഞ്ഞുപോയ അഞ്ച് വർഷം. രാജ്യം അതിവേഗത്തിൽ വലിയ മാറ്റങ്ങളിലേക്ക് നീങ്ങി. പരിഷ്‌കരണവും പ്രകടനവും നടക്കുന്നത് വളരെ അപൂർവമാണ്, പരിവർത്തനം കൺമുന്നിൽ കാണാൻ കഴിയുന്നു. രാജ്യം പതിനേഴാം ലോക്‌സഭയെ അനുഗ്രഹിക്കുമെന്നത് തീർച്ചയാണെന്നും മോദി പറഞ്ഞു.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സെഷനിൽ എല്ലാ എംപിമാർക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. സഭയിലെ എല്ലാ അംഗങ്ങളും പ്രധാന സംഭാവനകള്‍ നൽകി. പ്രതിസന്ധി ഘട്ടത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ തങ്ങളുടെ അലവന്‍സ് ഉപേക്ഷിച്ച എല്ലാ എംപിമാർക്കും അഭിനന്ദനം. കൊറോണ കാലത്ത് എംപിമാര്‍ അവരുടെ ശമ്പളം 30% വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു.
നൂറ്റാണ്ടുകളായി ആളുകൾ കാത്തിരുന്ന പ്രവൃത്തികൾ പൂർത്തിയായി. വനിതാസംവരണ ബില്ലോടെയാണ് പുതിയ പാർലമെൻ്റ് മന്ദിരത്തില്‍ നടപടികള്‍ ആരംഭിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കി, മുത്തലാഖിൽ നിന്നും സ്‌ത്രീകളെ രക്ഷിച്ചു. അവർക്ക് നീതി നൽകുകയും ചെയ്‌തത് പതിനേഴാം ലോക്‌സഭയാണ്.
ജി20 സമ്മേളനത്തില്‍ രാജ്യത്തിന് അധ്യക്ഷത വഹിക്കാൻ കഴിഞ്ഞത് ഇന്ത്യയ്ക്ക് മഹത്തായ ബഹുമതിയാണ്. ഓരോ സംസ്ഥാനവും ഇന്ത്യയുടെ കഴിവും വ്യക്തിത്വവും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. കൊവിഡിനെ രാജ്യം ഒറ്റക്കെട്ടായി അതിജീവിച്ചുവെന്നും മോദി പറഞ്ഞു.
ലോക്‌സഭ സ്‌പീക്കർ ഓം ബിർളയ്ക്കും പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. 'എന്ത് സംഭവിച്ചാലും സ്‌പീക്കറുടെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടായിരുന്നു. നിങ്ങൾ ഈ സഭയെ നിഷ്‌പക്ഷമായി നയിച്ചു. അതിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. ദേഷ്യത്തിൻ്റെയും കുറ്റപ്പെടുത്തലിൻ്റെയും സമയങ്ങളുണ്ടായിരുന്നു. എന്നാൽ നിങ്ങൾ ആ സാഹചര്യങ്ങളെ ക്ഷമയോടെയും ബുദ്ധിപൂർവമായും കൈകാര്യം ചെയ്‌തു' - മോദി പറഞ്ഞു.