ഡൽഹി: മൻ കി ബാത് 109-ാം പതിപ്പ് അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ മൻ കി ബാത്ത് റേഡിയോ പ്രഭാഷണത്തിൽ അദ്ദേഹം പ്രധാനമായി സംസാരിച്ചത് അയോധ്യ രാമക്ഷേത്രത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും ഇത് രാജ്യത്തെ എങ്ങനെ ഒന്നിപ്പിക്കുന്നു എന്നത് സംബന്ധിച്ചായിരുന്നു (PM Modi Highlights Significance Of Ram Mandir). രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠാ ചടങ്ങ് എങ്ങനെയാണ് രാജ്യത്തെ ഒന്നിപ്പിച്ചതെന്ന് പരാമർശിച്ച അദ്ദേഹം ഭരണഘടനാ നിർമാതാക്കൾക്ക് ശ്രീരാമൻ്റെ ഭരണം പ്രചോദനത്തിൻ്റെ ഉറവിടമാണെന്നും കൂട്ടിച്ചേർത്തു.
"ഗഹനമായ ആലോചനയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ഭരണഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ജീവനുള്ള രേഖയെന്നും അതിനെ വിളിക്കാറുണ്ട്. രേഖയുടെ ഹൃദയമായി കണക്കാക്കപ്പെടുന്ന ഭരണഘടനയുടെ മൂന്നാം അധ്യായത്തിൽ, ഇന്ത്യയിലെ പൗരന്മാരുടെ മൗലികാവകാശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അധ്യായത്തിന് കൗതുകകരമായ രൂപം നൽകുന്നത് ഭരണഘടനാ ശിൽപികൾ ഇതിന്‍റെ തുടക്കത്തിൽ ശ്രീരാമാൻ, അമ്മ സീത, ലക്ഷ്‌മണൻ എന്നിവരെ ചിത്രീകരിക്കുന്ന ചിത്രങ്ങൾക്ക് സ്ഥാനം നൽകിയതാണ്." - പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തിന്‍റെ ഐക്യം ഉറപ്പിക്കുന്നതിനു ശ്രീരാമന്‍റെ പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രി എടുത്തു പറഞ്ഞു. എല്ലാ ഹൃദയങ്ങളിലും ശ്രീരാമൻ കുടികൊള്ളുന്നു. ഭക്തന്മാരുടെ വികാരങ്ങൾ ഏകീകൃതമാണെന്നും ഭക്തി ഏകമാണെന്നും അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ രാജ്യത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ശ്രീരാമ പാദങ്ങളിൽ സമർപ്പണം നടത്തി. രാമ ഭജനകൾ പാടുന്നതിനായി തങ്ങളെ തന്നെ സമർപ്പിച്ചു. ജനുവരി 22-ന് വൈകുന്നേരം രാജ്യമൊട്ടാകെ രാംജ്യോതിയിൽ ദീപാവലി ആഘോഷിച്ചെന്നും നരേന്ദ്ര മോദി പ്രസ്‌താവിച്ചു.
രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്‌ഠാ ചടങ്ങ്, റിപ്പബ്ലിക് ദിന പരേഡ്, ഖേലോ ഇന്ത്യ യുവജന ഗെയിംസ്, പത്മ അവാർഡുകൾ, ജനുവരി 25 ദേശീയ വോട്ടേഴ്‌സ് ദിനാചരണം തുടങ്ങീ ഈ മാസം നടന്ന രാജ്യത്തെ പ്രധാന ആഘോഷങ്ങളെ കുറിച്ചും പ്രധാന പരിപാടികളെ കുറിച്ചും മൻ കി ബാത്തിൻ്റെ 109-ാമത് എഡിഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച ചെയ്‌തു.