ബെംഗളൂരു: വയനാട് ലോക്‌സഭ സീറ്റ് നിലനിര്‍ത്താൻ കോൺഗ്രസ് നിരോധിത സംഘടനയായ പിഎഫ്ഐയുടെ സഹായം സ്വീകരിക്കുന്നുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടക തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. മുഗൾ ചക്രവർത്തി ഔറംഗസേബിനെ പുകഴ്ത്തുന്നവരുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുന്നു.
ജനങ്ങളുടെ സമ്പത്ത് കൈക്കലാക്കാനും വോട്ടുബാങ്കിൽ പുനർവിതരണം ചെയ്യാനുമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. കോൺഗ്രസ് രാജകുമാരൻ നവാബുകളുടെയും ബാദ്ഷാമാരുടെയും പൈശാചികതയെ കുറിച്ച് പരാമർശിച്ചിട്ടില്ല. പകരം നമ്മുടെ രാജാക്കളെയും മഹാരാജാക്കളെയും അപമാനിക്കുകയാണ് ചെയ്‌തതെന്നും മോദി കൂട്ടിചേർത്തു.
ഇന്ത്യ ഉയർന്നുവന്ന് ശക്തിപ്പെടുമ്പോൾ എല്ലാവരും അഭിമാനിക്കുകയാണ്. എന്നാൽ, ഒരു കുടുംബത്തിൻ്റെ താൽപര്യത്തിൽ കുടുങ്ങി കോൺഗ്രസ് ദേശീയ താൽപര്യത്തിൽ നിന്ന് അകന്നു. രാജ്യത്തിൻ്റെ നേട്ടങ്ങൾ അവർ ഇഷ്‌ടപ്പെടുന്നില്ലെന്നും നമ്മൾ നേടിയ ഓരോ നേട്ടങ്ങളിലും അവർ ലജ്ജിച്ചു തുടങ്ങിയിരിക്കുന്നുവെന്നും മോദി വിമർശിച്ചു. രാജ്യത്തെ ജനാധിപത്യം തകർക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്നും അവർ രാജ്യത്തോട് മാപ്പ് പറയണമെന്നും കർണാടക തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.