ഏകത നഗർ: ഇന്ത്യയില്‍ നടപ്പാക്കുന്ന ഏകീകൃത സിവില്‍ കോഡ് മതേതര സിവില്‍ കോഡാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് ആചരിക്കുന്ന രാഷ്‌ട്രീയ ഏകതാ ദിവസില്‍ (ദേശീയ ഐക്യ ദിനം) ഗുജറാത്തിലെ ഏകതാ നഗറിലെ ഏകതാ പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യ ഒരു രാജ്യം ഒരു സിവിൽ കോഡ് എന്ന ആശയത്തിലേക്ക് നീങ്ങുകയാണെന്നും അതൊരു മതേതര സിവിൽ കോഡ് ആണെന്നുമാണ് മോദിയുടെ പരാമര്‍ശം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'നമ്മുടെ രാഷ്‌ട്രത്തിന്‍റെ ഐഡന്‍റിറ്റിയുടെ വിജയം ഇന്ന് നാമെല്ലാവരും കാണുന്നുണ്ട്. ആധാർ എന്ന നമ്മുടെ ഐഡന്‍റിറ്റി ലോകവും ചർച്ച ചെയ്യുന്നു. മുമ്പ്, ഇന്ത്യയിൽ വ്യത്യസ്‌ത നികുതി സമ്പ്രദായങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഞങ്ങൾ ഒരു രാജ്യം ഒരു നികുതി എന്ന ജിഎസ്‌ടി സംവിധാനം കൊണ്ടുവന്നു. ഒരു രാജ്യം ഒരു പവർ ഗ്രിഡ് ഉപയോഗിച്ച് ഞങ്ങൾ രാജ്യത്തിന്‍റെ ഊർജ മേഖലയെ ശക്തിപ്പെടുത്തി. ഒരു രാജ്യം ഒരു റേഷൻ കാർഡ് വഴി പാവപ്പെട്ടവർക്കുള്ള കൂടുതല്‍ സൗകര്യങ്ങൾ ഞങ്ങൾ സമന്വയിപ്പിച്ചു. ആയുഷ്‌മാൻ ഭാരതിന്‍റെ രൂപത്തിൽ ഒരു രാജ്യം ഒരു ആരോഗ്യ ഇൻഷുറൻസ് എന്ന സംവിധാനം രാജ്യത്തെ ജനങ്ങൾക്ക് ഞങ്ങൾ നൽകി.
ഏകീകരണം കൊണ്ടുവരാനുള്ള ഈ ശ്രമങ്ങളുടെ ഭാഗമായി ഞങ്ങളിപ്പോൾ ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് എന്നതിന് വേണ്ടി പ്രവർത്തിക്കുകയാണ്. അത് ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. വികസിത ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിൽ രാജ്യം വേഗത കൈവരിക്കുകയും ചെയ്യും. ഇന്ന് ഇന്ത്യ ഒരു രാജ്യം ഒരു സിവിൽ കോഡിലേക്ക് നീങ്ങുകയാണ്. ഇത് ഒരു മതേതര സിവിൽ കോഡാണ്,' -മോദി പറഞ്ഞു.
ചില ശക്തികൾ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നു, നക്‌സലിസം തുടച്ചുനീക്കുമെന്ന് മോദി
ഇന്ത്യയിലും വിദേശത്തുമുള്ള ശക്തികൾ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെക്കുറിച്ച് മോശമായ പ്രതിച്ഛായ സൃഷ്‌ടിക്കാൻ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. അവർ ജാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുകയാണ്. അത് വികസിത ഇന്ത്യക്ക് എതിരാണ്. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന അര്‍ബൻ നക്‌സലുകളുടെ കൂട്ടുകെട്ട് തിരിച്ചറിയണമെന്നും മോദി ജനങ്ങളോട് വ്യക്തമാക്കി.
നക്‌സലിസം കാടുകളിൽ ഒതുങ്ങുമ്പോള്‍, അര്‍ബന്‍ നക്‌സലുകളുടെ വലിയ രീതിയില്‍ ഉയർന്നുവരുന്നുണ്ട്. അർബൻ നക്‌സലുകളെ തിരിച്ചറിയുകയും അവരെ പുറത്തുകൊണ്ടുവരികയും വേണം. കഴിഞ്ഞ 10 വർഷത്തെ കേന്ദ്ര സർക്കാരിൻ്റെ ശ്രമങ്ങൾ കൊണ്ട് നക്‌സലിസം ഇന്ത്യയിൽ അതിൻ്റെ അന്ത്യശ്വാസം വലിച്ചു കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
Also Read: രാജ്യത്തെ ഒരുമിപ്പിച്ച ഉരുക്കു മനുഷ്യന്‍റെ ഓർമയില്‍ ദേശീയ ഏകതാ ദിനം; ചരിത്രവും പ്രാധാന്യവും അറിയാം