ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് ഗുജറാത്ത് സർവകലാശാല തനിക്കെതിരെ നല്‍കിയ ക്രിമിനൽ മാനനഷ്‌ടക്കേസ് റദ്ദാക്കണമെന്ന ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഹര്‍ജി തള്ളി സുപ്രീം കോടതി. ആംആദ്‌മി നേതാവ് സഞ്ജയ് സിങ് സമർപ്പിച്ച സമാനമായ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്‌റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് കെജ്‌രിവാളിന്‍റെ ഹര്‍ജിയും തള്ളിയത്.
മോദിയുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കെജ്‌രിവാള്‍ പൊതുയിടങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഗുജറാത്ത് സര്‍വകലാശാലയാണ് കെജ്‌രിവാളിനെതിരെ മാനനഷ്‌ടക്കേസ് നല്‍കിയത്. ഇതിനെതിരെ കെജ്‌രിവാള്‍ ആദ്യം ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹൈക്കോടതിയും കെജ്‌രിവാളിന്‍റെ ഹര്‍ജി തള്ളിയിരുന്നു.
ഇതിനുപിന്നാലെ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌ത് ആംആദ്‌മി കണ്‍വീനര്‍ നൽകിയ ഹർജിയാണ് സുപ്രീം കോടതി ഇപ്പോള്‍ തള്ളിയത്. സ്ഥിരതയുള്ള സമീപനം ഉണ്ടായിരിക്കണമെന്നതിനാല്‍ കെജ്‌രിവാളിന്‍റെ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ആംആദ്‌മി നേതാവ് സഞ്ജയ് സിങ്ങിന്‍റെ ഹര്‍ജിയില്‍ സ്വീകരിച്ച അതേ നിലപാടാണ് ഈ കേസിലെന്നും കോടതി ചൂണ്ടിക്കാട്ടി.
മോദിയുടെ ബിരുദം വ്യാജമാണോ എന്ന ചോദ്യവുമായി അഭിഭാഷകൻ:
മോദിയുടെ ബിരുദം സർവകലാശാല പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടാണെന്നും ബിരുദം വ്യാജമായതുകൊണ്ടാണോ എന്നും ആശ്ചര്യപ്പെട്ടുവെന്ന് കെജ്‌രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിങ്‌വി കോടതിയില്‍ വാദിച്ചു. പ്രസ്‌താവന അപകീർത്തികരമാണെങ്കിൽ, ക്രിമിനൽ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യേണ്ടത് സര്‍വകലാശാലയല്ല, മോദിയാണ്. സർവകലാശാലയ്‌ക്കെതിരെ ഒരു പ്രസ്‌താവനയും നടത്തിയിട്ടില്ലെന്നും അതിനാൽ മാനനഷ്‌ട പരാതി നൽകാൻ കഴിയില്ലെന്നും അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി ബെഞ്ചിനെ അറിയിച്ചു. ജനപ്രതിനിധികളുടെ ബിരുദം വെളിപ്പെടുത്തുന്നത് അപകീർത്തികരമായ നടപടിയിലേക്ക് നയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സഞ്ജയ് സിങ്ങിന്‍റെ കേസിൽ പുറപ്പെടുവിച്ച ഉത്തരവിലേക്ക് ഗുജറാത്ത് സര്‍വകലാശാലയ്‌ക്ക് വേണ്ടി സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്ത ബെഞ്ചിന്‍റെ ശ്രദ്ധ ക്ഷണിച്ചു. സമാന വിഷയത്തില്‍ സഞ്ജയ് സിങ്ങും കെജ്‌രിവാളും വ്യത്യസ്‌ത നിലപാടുകളാണ് സ്വീകരിച്ചതെന്ന് തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. മോദിയുടെ ബിരുദ സർട്ടിഫിക്കറ്റിന്‍റെ പകർപ്പ് നൽകാനുള്ള കേന്ദ്ര വിവരാവകാശ കമ്മിഷന്‍റെ നിർദേശം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവിനെക്കുറിച്ചും സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ ബെഞ്ചിനെ ധരിപ്പിച്ചു.
ആ വിധിയിൽ കെജ്‌രിവാളിനെതിരെ ഹൈക്കോടതി കർശന നടപടിയെടുക്കുകയും പിഴ ചുമത്തുകയും ചെയ്‌തതായി സോളിസിറ്റർ ജനറൽ ബെഞ്ചിനെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ബിരുദങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകിയതിനുള്ള ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‌രിവാളിനും സഞ്ജയ് സിങ്ങിനുമെതിരെ ഗുജറാത്ത് സർവകലാശാല രജിസ്ട്രാർ പിയൂഷ് പട്ടേൽ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തത്.
Read Also: ഇന്ത്യ ഒരു മതേതര-സോഷ്യലിസ്‌റ്റ് രാജ്യം; ഭരണഘടനയുടെ അടിത്തറ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി