ശ്രീനഗർ: ജമ്മു കശ്‌മീർ തലസ്ഥാനമായ ശ്രീനഗറിൻ്റെ പ്രാന്തപ്രദേശത്തുള്ള ഝലം നദിയിൽ യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് ആറ് മരണം. ഗുണ്ട്ബാൽ ബട്‌വാര മേഖലയിൽ ചൊവ്വാഴ്‌ചയാണ് (ഏപ്രില്‍ 16) ദാരുണസംഭവം നടന്നത്. ഇതുവരെ ആറ് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും പലരെയും കാണാതായിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന മഴ ഝലം ഉൾപ്പെടെയുള്ള ജലാശയങ്ങളിലെ ജലനിരപ്പ് ഉയരാൻ കാരണമായി. അതേസമയം, 20ഓളം യാത്രക്കാർ ബോട്ടിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. മരണപ്പെട്ടവരിൽ അഞ്ചുപേർ വിദ്യാർഥികളാണ്.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ പറയുന്നത്. അപകടസ്ഥലത്ത് സംസ്ഥാന ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഇതിനിടെ അപകടം പ്രദേശത്ത് സംഘർഷാവസ്ഥയ്‌ക്കും ഇടയാക്കി. ഗുണ്ട്ബാലിനെ ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ പ്രവൃത്തി കഴിഞ്ഞ ഒരു ദശാബ്‌ദമായി നടക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. സർക്കാർ ഈ നടപ്പാലം കൃത്യമായി നിർമിച്ചിരുന്നെങ്കിൽ ഇത്തരമൊരു അപകടം ഉണ്ടാകില്ലായിരുന്നുവെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി.