ന്യൂഡല്‍ഹി : രാഷ്‌ട്രീയ കക്ഷികളുടെ ഉറവിടം വെളിപ്പെടുത്താത്ത വരുമാനങ്ങളില്‍ 82ശതമാനവും തെരഞ്ഞെടുപ്പ് ബോണ്ടുകളില്‍ നിന്നെന്ന് എഡിആര്‍ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്‌ട്രീയ കക്ഷികള്‍ സമര്‍പ്പിച്ച സംഭാവനകളുടെ കണക്കുകളില്‍ അധികവും ഉറവിടം വെളിപ്പെടുത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഉറവിടം വെളിപ്പെടുത്താത്ത 1,832.88 കോടി രൂപയില്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴിയുള്ളത് 1,510 കോടിയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതായത് ഉറവിടം വെളിപ്പെടുത്താത്ത മൊത്തം തുകയുടെ 82.42ശതമാനവും തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി ലഭിച്ചതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ദേശീയ കക്ഷികള്‍ സമര്‍പ്പിച്ച 2022-23 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരമുള്ള വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
പഠനത്തിനായി ആറ് ദേശീയ പാര്‍ട്ടികളെയാണ് ഇവര്‍ പരിഗണിച്ചത്. ഭാരതീയ ജനതാപാര്‍ട്ടി(ബിജെപി), കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്(സിപിഐ-എം), ബഹുജന്‍സമാജ് പാര്‍ട്ടി(ബിഎസ്‌പി), ആം ആദ്‌മി പാര്‍ട്ടി(എഎപി), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പിഇപി)തുടങ്ങിയവയുടെ കണക്കുകളാണ് പരിശോധിച്ചത്.
ബിജെപിക്കാണ് ഉറവിടം വെളിപ്പെടുത്താത്ത ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ലഭിച്ചിട്ടുള്ളത്. 14,000 കോടിയാണ് ഇവര്‍ക്ക് ഇത്തരത്തില്‍ കിട്ടിയിട്ടുള്ളത്. മൊത്തം തുകയുടെ ഏകദേശം 76.39ശതമാനം വരുമിത്. കോണ്‍ഗ്രസിന് 315.11 കോടിയാണ് ഉറവിടം വെളിപ്പെടുത്താത്ത ഇനത്തില്‍ ലഭിച്ചിട്ടുള്ളത്. 17.19ശതമാനമാണിത്.
തങ്ങള്‍ക്ക് സന്നദ്ധ സംഭാവനകളായി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ബിഎസ്‌പിയുടെ വാദം. എന്നാല്‍ 20,000 തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഇവര്‍ വിറ്റഴിച്ചതായാണ് എഡിആര്‍ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന കക്ഷികളെ അപേക്ഷിച്ച് ദേശീയ കക്ഷികള്‍ക്കാണ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി ഏറ്റവും അധികം പണം ലഭിച്ചിരിക്കുന്നതെന്നും എഡിആര്‍ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
2004-05 നും 2022-23നും ഇടയില്‍ 19,083 കോടി രൂപയാണ് അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇതില്‍ ഏറെയും തെരഞ്ഞെടുപ്പ് ബോണ്ട് ഇനത്തില്‍ ആണ് കിട്ടിയത്. അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് ലഭിച്ച സംഭാവനകളുടെ 82.42ശതമാനവും തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെയാണ് ലഭിച്ചതെന്നും എഡിആര്‍ പറയുന്നു. കോണ്‍ഗ്രസും സിപിഎമ്മും തങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വിറ്റഴിച്ചതിലൂടെ 136.79 കോടി രൂപ ലഭിച്ചതായി വ്യക്തമാക്കുന്നു. തങ്ങളുടെ ഉറവിടം വെളിപ്പെടുത്താത്ത വരുമാനത്തിന്‍റെ 7.46ശതമാനം വരുമിത്.
ബാങ്ക് പലിശയടക്കം 29.27 കോടി രൂപയുടെ ഉറവിടം ബിഎസ്‌പി വെളിപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് പലിശ ഇനത്തില്‍ 15.05 കോടി രൂപയാണ് ബിഎസ്‌പിക്ക് കിട്ടിയത്. അംഗത്വ ഫീസിനത്തില്‍ 13.73 കോടി രൂപ കിട്ടി. സ്ഥാവര വസ്‌തുക്കള്‍ വിറ്റഴിച്ചതിലൂടെ 28.49 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട്. ആദായനികുതി റീഫണ്ട് ഇനത്തില്‍ 20.65 ലക്ഷം രൂപയും പാര്‍ട്ടിക്ക് 2021-22ല്‍ കിട്ടി.
ആറ് ദേശീയ പാര്‍ട്ടികള്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷം ലഭിച്ച വരുമാനം 3,076.88 കോടിയാണ്. സംഭാവനകളായി ലഭിച്ചത് ഇരുപതിനായിരത്തില്‍ താഴെ രൂപയാണ്. അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് ലഭിച്ച മൊത്തം തുകയുടെ കേവലം പത്ത് ശതമാനം മാത്രമാണിതെന്നും എഡിആര്‍ ചൂണ്ടിക്കാട്ടുന്നു. 183.28 കോടിയാണ് മൊത്തം ഉറവിടം വെളിപ്പെടുത്താത്ത തുകയായി 2021-22 സാമ്പത്തിക വര്‍ഷം ഈ പാര്‍ട്ടികള്‍ക്ക് കിട്ടിയത്. ഇരുപതിനായിരം രൂപയില്‍ കുറവ് സംഭാവന നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വെളിപ്പെടുത്തേണ്ടതില്ല.
രാഷ്‌ട്രീയ കക്ഷികളുടെ പണമിടപാടുകളില്‍ കൂടുതല്‍ സുതാര്യതയും കൃത്യതയും വേണമെന്ന നിര്‍ദ്ദേശം എഡിആര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സംഭാവന നല്‍കുന്ന എല്ലാവരുടെയും വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമായിരിക്കണം. എല്ലാ സംഭാവനകളും നല്‍കുന്നതും സുതാര്യമായിരിക്കണം.
തുകയുടെ വലിപ്പം കണക്കാക്കാതെ തന്നെ ഇവയുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും സമര്‍പ്പിക്കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്യുന്ന പാര്‍ട്ടികള്‍ക്ക് മാത്രം നികുതി ഇളവ് നല്‍കിയാല്‍ മതിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാര്‍ശയും രണ്ടായിരം രൂപയ്ക്ക് മേല്‍ സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ശുപാര്‍ശയും എഡിആര്‍ അംഗീകരിച്ചിട്ടുണ്ട്.
Also Read: ഇലക്‌ടറൽ ബോണ്ട്; ദാതാക്കളുടെ വിവരങ്ങൾ നൽകുന്നതിന് സമയപരിധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് എസ്‌ബിഐ
രാഷ്‌ട്രീയ കക്ഷികളുടെ ഉറവിടം വെളിപ്പെടുത്താത്ത തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സുപ്രീം കോടതി ഉത്തരവിട്ടതും ശ്രദ്ധേയമാണ്. ബോണ്ടുകള്‍ വാങ്ങുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബോണ്ടുകളുടെ മൂല്യവും സ്വീകരിക്കുന്നവരുടെ വിവരവും വെളിപ്പെടുത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.