ലഖ്‌നൗ : പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്‍റിനെ പിടികൂടി ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (UP ATS Arrested ISI Agent). മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്‌തിരുന്ന ഹാംപുര്‍ സ്വദേശി സത്യേന്ദ്ര സിവാൾ എന്നയാളാണ് പിടിയിലായത് (Pakistan ISI Agent Arrested). യുപിയിലെ മീററ്റില്‍ വച്ചായിരുന്നു എടിഎസ് സംഘം ഇയാളെ അറസ്റ്റ് ചെയ്‌തത്.
പാകിസ്ഥാന്‍ ചാരസംഘടനയ്‌ക്കായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏര്‍പ്പെട്ടുവെന്നാണ് പ്രധാന ആരോപണം. പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ സൈനിക സ്ഥാപനങ്ങൾ എന്നിവയുടെ വിവരങ്ങള്‍ ഇയാള്‍ പങ്കുവച്ചതായും എടിഎസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
2021ലാണ് സത്യേന്ദ്ര സിവാൾ റഷ്യയിലെ ഇന്ത്യന്‍ എംബസിയില്‍ നിയമിതനായത്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇന്ത്യ ബേസ്‌ഡ് സെക്യൂരിറ്റി അസിസ്റ്റൻ്റ് (IBSA) ആയിട്ടായിരുന്നു ഇയാളുടെ ജോലി. മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ പാക് ചാരന്‍ ജോലി ചെയ്യുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വിവരത്തെ അടിസ്ഥാനമാക്കിയായിരുന്നു എടിഎസിന്‍റെ നടപടി.
ആദ്യ ഘട്ടത്തില്‍ അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ സഹകരിച്ചിരുന്നില്ല. പിന്നീടായിരുന്നു ചാരവൃത്തി നടത്തിയതിനെ കുറിച്ച് ഇയാള്‍ സമ്മതിച്ചത്. ഇന്ത്യന്‍ സൈന്യത്തേയും അതിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളേയും കുറിച്ചുള്ള വിവരം കൈമാറുന്ന ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് പാക് സംഘടന പണം നല്‍കാറുണ്ടായിരുന്നെന്നും സിവാൾ വെളിപ്പെടുത്തിയതായാണ് സൂചന.