അഹമ്മദാബാദ്: പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ 18 ഹിന്ദു അഭയാർത്ഥികൾക്ക് പൗരത്വം നൽകി ഗുജറാത്ത്. ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി പങ്കെടുത്ത ചടങ്ങിൽ വച്ചാണ് അഹമ്മദാബാദിൽ താമസമാക്കിയ പാകിസ്ഥാൻ ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകിയത്. ജില്ലാ കലക്‌ടറുടെ ഓഫീസിൽ വച്ച് നടന്ന ക്യാമ്പിൽ വച്ചാണ് മന്ത്രി പൗരത്വം കൈമാറിയത്.
പുതിയ ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭയാർത്ഥികളോടു അഭ്യർത്ഥിച്ചു. ഇന്ത്യൻ പൗരത്വം ലഭിച്ച എല്ലാവരെയും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ബാധ്യസ്ഥരാണ്. രാജ്യത്തിന്‍റെ വികസന യാത്രയിൽ നിങ്ങളും പങ്കാളികളാകുമെന്ന് ദൃഢനിശ്ചയം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ഹർഷ് സംഘവി പറഞ്ഞു.
പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ 2016 , 2018 എന്നി വർഷങ്ങളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ ഗുജറാത്തിലെ 3 ജില്ലകളിലെ കലക്‌ടർമാർക്ക് അധികാരം നൽകിയിരുന്നു. അഹമ്മദാബാദ്, ഗാന്ധിനഗർ, കച്ച് ജില്ല കലക്‌ടർമാർക്കാണ് പൗരത്വം നൽകാൻ അധികാരം നൽകിയിരുന്നത്.
നിലവിൽ അഹമ്മദാബാദ് ജില്ലയിൽ മാത്രം 1167 പാക്കിസ്ഥാൻ ഹിന്ദു അഭയാർഥികൾക്കാണ് ഇന്ത്യൻ പൗരത്വം ലഭിച്ചത്. ന്യൂനപക്ഷങ്ങൾ ദുരിതമനുഭവിക്കുന്ന അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ അഭയാർഥികൾക്ക് എളുത്തിൽ പൗരത്വം ലഭിക്കുന്നതിനായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രത്യേക ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും സംഘവി പറഞ്ഞു.